pope

റോം : ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ മത വിശ്വാസികൾക്ക് ഏറെ ആദരണീയനായ വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോയ ഒരു ലൈക്ക് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

നതാലിയ ഗാരാബാട്ടോ എന്ന ബ്രസീലിയൻ ഇൻസ്റ്റഗ്രാം മോഡലിന്റെ ഫോട്ടോയ്ക്കാണ് മാർപാപ്പയുടെ ലൈക്ക് വീണത്. ഒരു ഫോട്ടോയ്ക്ക് ലൈക്ക് നൽകിയതിൽ എന്തിനാണിത്രെ വിവാദമെന്നാണ് ആലോചിക്കുന്നതെങ്കിൽ കാര്യമുണ്ട്. അതൊരു സാധാരണ ഫോട്ടോ ആയിരുന്നില്ല.

'ഹോട്ട് ' മോഡലായ നതാലിയ ഗാരിബാട്ടോയുടെ ചൂടൻ ഫോട്ടോ ആയിരുന്നു അത്. മാർപാപ്പയുടെ ലൈക്ക് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാമുൾപ്പടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലൈക്കിന്റെ ' സ്ക്രീൻഷോട്ട് ' ഉൾപ്പെടെ വൻ ചർച്ചയായി. തൊട്ടുപിന്നാലെ മാർപാപ്പയുടെ അക്കൗണ്ടിൽ നിന്നും വീണ ലൈക്ക് പിൻവലിക്കുകയും ചെയ്തു.

അബദ്ധത്തിൽ ലൈക്ക് വീണതാകാമെന്നാണ് മാർപാപ്പയുടെ വിശ്വാസികൾ പറയുന്നത്. അതേ സമയം, മാർപാപ്പയുടെ ഇൻസ്റ്റഗ്രാം നിയന്ത്രിക്കുന്നവരിൽ ആർക്കെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാകാനും ഇടയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും മാർപാപ്പ തന്റെ ചിത്രത്തിന് ലൈക്ക് ചെയ്തതോടെ ' താൻ അനുഗ്രഹിക്കപ്പെട്ടു ' എന്നാണ് നതാലിയ പ്രതികരിച്ചത്.

തന്റെ ' ഹോട്ട് ' ചിത്രങ്ങൾ തന്റെ അമ്മയ്ക്ക് ഇഷ്ടമല്ലെന്നും എന്നാൽ മാർപാപ്പ ലൈക്ക് ചെയ്തെന്നും നതാലിയ പറയുന്നു. അടുത്തിടെ എൽ.ജി.ബി.ടി സമൂഹത്തെ പിന്തുണച്ച് കൊണ്ട് മാർപാപ്പ നിലപാട് അറിയിച്ചതും വിവാദമായിരുന്നു. ഏതായാലും ഇൻസ്റ്റഗ്രാം ലൈക്ക് വിവാദത്തിൽ മാർപാപ്പയും വത്തിക്കാൻ മാദ്ധ്യമങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.