ലക്‌നൗ: കഴിഞ്ഞ പത്ത് വർഷമായി അമ്പതിലധികം കുട്ടികളെ ലെെംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഡാർക്ക്‌നെറ്റ് വഴി പ്രചരിപ്പക്കുകയും വിൽക്കുകയും ചെയ്‌ത സർക്കാർ ഉദ്യോഗസ്ഥൻ കേന്ദ്ര അന്വേഷണ ഏജൻസിയുടെ പിടിയിൽ. ഉത്തർ പ്രദേശിലെ ചിത്രകൂട്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രംഭവാൻ എന്ന ജൂനിയർ എൻജിനിയറാണ് അറസ്റ്റിലായത്.
ബന്ദ, ചിത്രകൂട്ട്, ഹാമിർപൂർ എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കൂട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ചിത്രകൂട്ട് സ്വദേശിയായ ഇയാളെ ബന്ദയിൽ നിന്നുമാണ് സി.ബി.ഐ പിടികൂടിയത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് പിന്നിൽ മറ്റു ആളുകൾ ഉണ്ടെന്ന് കരുതുന്നുവെന്നും അന്വേഷണം കൂടുതൽ വ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് മൊബെെൽ ഫോണുകൾ, എട്ട് ലക്ഷം ഡോളർ പണം, ലെെംഗിക കളിപ്പാട്ടങ്ങൾ, ഒരു ലാപ്പ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കണ്ടെടുത്തു.
അതേസമയം ഉത്തർപ്രദേശിലെ ഭദ്രാസ് ഗ്രാമത്തിലെ വനമേഖലയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ശ്വാസകോശം മൃതദേഹത്തിൽ നിന്ന് പുറത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. കൂട്ടിയെ ദുരാചാരത്തിന്റെ ഭാഗമായി ആരോ തട്ടിക്കൊണ്ട് പോയി കൊന്നതാണെന്ന് പെൺകുട്ടിയുടെ അച്ചൻ ആരോപിച്ചു. എന്നാൽ കുട്ടിയെ ഏതെങ്കിലും വന്യമൃഗങ്ങൾ പിടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാജ്യത്തെ നടുക്കിയ ഹാഥ്‌രസ് പീഡനത്തിന് പിന്നാലെയാണ് വീണ്ടും യു.പിയിൽ നിന്നുഉള്ള പീഡനവാർത്തകൾ പുറത്തുവരുന്നത്.