കാലിഫോർണിയ: ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന യുവാവിനെ വേതനം നൽകാതെ പണിയെടുപ്പിച്ച ഇന്ത്യൻ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൽവിന്ദർമാൻ, ഭാര്യ അമർജിത്ത് എന്നിവരെയാണ് നവംബർ 10ന് ഗിൽറോയ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസം 15 മണിക്കൂർ വീതം ആഴ്ചയിൽ ഏഴു ദിവസവും യുവാവിനെ ജോലിയെടുപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2019ലാണ് പേര് വെളിപ്പെടുത്താത്ത ഇന്ത്യൻ യുവാവ് ഇവർക്കൊപ്പം ജോലിക്ക് ചേർന്നത്. അന്നു മുതൽ ഇവർ യുവാവിന് ശമ്പളം നൽകിയിട്ടില്ല. അമേരിക്കയിൽ എത്തിയതോടെ യുവാവിന്റെ പാസ്പോർട്ട്, വാങ്ങിവച്ച ശേഷം ഇവരുടെ ലിക്കർ സ്റ്റോറിൽ ജോലി നൽകുകയായിരുന്നു. വിശ്രമമില്ലാതെ തൊഴിലെടുത്ത് ക്ഷീണിച്ച യുവാവിന് പുറത്തുപോകാൻ പോലും അനുമതി ഉണ്ടായിരുന്നില്ല. കടയോട് ചേർന്നുള്ള ഒരു ചെറിയ മുറിയായിരുന്നു വിശ്രമത്തിന് നൽകിയത്. ഇവരുടെ മകനെതിരെയും കേസ് ചാർജ് ചെയ്തെങ്കിലും ഒരു മില്യൺ ഡോളർ ജാമ്യത്തിൽ പുറത്തിറങ്ങി.