ബാങ്കിനുമേൽ ഒരുമാസ മോറട്ടോറിയം പ്രഖ്യാപിച്ചു
ന്യൂഡൽഹി: മൂലധന, ഭരണ പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്ന ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ലക്ഷ്‌മി വിലാസ് ബാങ്കിനുമേൽ ധനമന്ത്രാലയം ഒരുമാസത്തെ മോറട്ടോറിയം ഏർപ്പെടുത്തി. റിസർവ് ബാങ്കിന്റെ ശുപാർശപ്രകാരമാണ് നടപടി. ബാങ്കിന്റെ ഇടപാടുകാർക്ക് മോറട്ടോറിയം കാലയളവിൽ പരമാവധി 25,000 രൂപയേ പിൻവലിക്കാനാകൂ. ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അനിവാര്യമായ ആവശ്യങ്ങൾക്ക് പ്രത്യേക അനുമതിയോടെ 25,000 രൂപയ്ക്കുമേൽ പിൻവലിക്കാം.
ബാങ്കിന്റെ അറ്റ ആസ്‌തി തന്നെ ഇല്ലാതായവിധം കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി നഷ്‌ടം മാത്രം കുറിക്കുന്നതാണ് നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. പ്രതിസന്ധി അകറ്റാനുള്ള പദ്ധതി രൂപീകരിക്കാൻ ബാങ്കിന് സാധിച്ചില്ലെന്ന് മാത്രമല്ല, വായ്‌പകൾ കുറയുകയും നിഷ്‌ക്രിയ ആസ്‌തി കുമിഞ്ഞുകൂടുകയും ചെയ്‌തു.
ഉപഭോക്താക്കൾ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ബാങ്കിനെ പ്രതിസന്ധിയിലാക്കി. ഭരണപ്രതിസന്ധിയും വലച്ചു. കഴിഞ്ഞ സെപ്‌തംബറിൽ ചേർന്ന ഓഹരി ഉടമകളുടെ യോഗം മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായിരുന്ന എസ്.എസ്. സുന്ദർ, സ്വതന്ത്ര ഡയറക്‌ടർമാരായിരുന്ന എൻ. സായിപ്രസാദ്, ഗോരിങ്ക ജഗൻമോഹൻ റാവു, രഘുരാജ് ഗുജ്ജർ, കെ.ആർ. പ്രദീപ്, ബി.കെ. മഞ്ചുനാഥ്, വൈ.എൻ. ലക്ഷ‌്‌മിനാരായണ എന്നിവരുടെ പുനർനിയമനം വോട്ടിനിട്ടു തള്ളിയിരുന്നു.
കിട്ടാക്കട കുതിപ്പിനെ തുടർന്ന് കഴിഞ്ഞ സെപ്‌തംബറിൽ ബാങ്കിനുമേൽ റിസർവ് ബാങ്ക് പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) ശിക്ഷാനടപടി സ്വീകരിച്ചിരുന്നു. പണംതിരിമറി സംബന്ധിച്ച് ഡയറക്‌ടർമാർക്കുമേൽ വവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതും റിസർവ് ബാങ്കിന്റെ നടപടിക്ക് കാരണമായി.
കനറാ ബാങ്കിന്റെ മുൻ നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ടി.എൻ. മനോഹരൻ മോറട്ടോറിയം കാലയളവിൽ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്ററായി പ്രവർത്തിക്കും. ഈവർഷം മാർച്ചിൽ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനുമേലും കേന്ദ്രം മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. അന്ന്, എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെയാണ് യെസ് ബാങ്കിന്റെ പുനരുദ്ധാരണ ചുമതല ഏൽപ്പിച്ചത്.
₹25,000
ലക്ഷ്‌മി വിലാസ് ബാങ്ക് ഇടപാടുകാർക്ക് ഒരുമാസ മോറട്ടോറിയം കാലയളവിൽ പരമാവധി 25,000 രൂപയേ പിൻവലിക്കാനാകൂ.
₹396.99 കോടി
ഈവർഷം സെപ്‌തംബർ പാദത്തിൽ ബാങ്ക് കുറിച്ചത് 396.99 കോടി രൂപയുടെ നഷ്‌ടമാണ്. 24.45 ശതമാനമാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി. 2019ലെ സമാനപദാത്തിൽ 357.17 കോടി രൂപയായിരുന്നു നഷ്‌ടം. മൊത്തം ബിസിനസ് 47,115 കോടി രൂപയിൽ നിന്ന് 37,595 കോടി രൂപയായും കുറഞ്ഞു.
ഡി.ബി.എസ് ബാങ്കിൽ
ലയിപ്പിച്ച് രക്ഷിക്കും
ലക്ഷ്‌മി വിലാസ് ബാങ്കിനെ മറ്റൊരു ബാങ്കിൽ ലയിപ്പിച്ച് കരകയറ്റാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. മോറട്ടോറിയം കാലയളവിൽ തന്നെ ലയനം നടന്നേക്കും.
ഡി.ബി.എസ് ബാങ്ക് സിംഗപ്പൂരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഡി.ബി.എസ് ബാങ്ക് ഇന്ത്യയിലായിരിക്കും ലക്ഷ്‌മി വിലാസ് ബാങ്കിനെ ലയിപ്പിക്കുക. ഇതു സംബന്ധിച്ച പദ്ധതി റിസർവ് ബാങ്ക് ആസൂത്രണം ചെയ്‌തിട്ടുണ്ട്. ലയനത്തിന് മുന്നോടിയായ ലക്ഷ്‌മി വിലാസ് ബാങ്ക് ഓഹരികളെ, ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കും (ഡിലിസ്‌റ്റ്). ഇന്നലെ 0.96 ശതമാനം താഴ്‌ന്ന് 15.50 രൂപയാണ് ബാങ്കിന്റെ ഓഹരിവില.
7,109 കോടി രൂപയുടെ മൂലധന അടിത്തറയുള്ളതാണ് ഡി.ബി.എസ് ബാങ്ക്. വെറും 2.7 ശതമാനമാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി; അറ്റ നിഷ്‌ട്കിയ ആസ്‌തി 0.5 ശതമാനം മാത്രം. മൂലധന പര്യാപ്‌തതാ അനുപാതം (സി.ആർ.എ.ആർ) റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്നത് കുറഞ്ഞത് ഒമ്പത് ശതമാനമാണെങ്കിലും ഡി.ബി.എസ് ബാങ്കിന് 15.99 ശതമാനമുണ്ട്. ലയനത്തിന്റെ ഭാഗമായി 2,500 കോടി രൂപയുടെ മൂലധന സമാഹരണം ഡി.ബി.എസ് ബാങ്ക് നടത്തും.
ജീവനക്കാരെ കുറയ്ക്കില്ല
ഡി.ബി.എസ് ബാങ്ക് ഇന്ത്യയുമായി ലയിക്കുമെങ്കിലും ലക്ഷ്‌മി വിലാസ് ബാങ്കിലെ 3,000ഓളം വരുന്ന ജീവനക്കാരെ ഒഴിവാക്കില്ല. അവർ തത്‌പദവികളിൽ തുടരും.
നിക്ഷേപ വിഹിതം
ലക്ഷ്‌മി വിലാസ് ബാങ്കിന്റെ മൊത്തം ഓഹരികളിൽ 46.73 ശതമാനവും റീട്ടെയിൽ നിക്ഷേപകരുടെ കൈവശമാണ്. 6.8 ശതമാനമേ പ്രമോട്ടർമാർക്കുള്ളൂ.