പനാജി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച വിസിൽ മുഴങ്ങാനിരിക്കേ സന്നാഹമത്സരങ്ങളിലെ തകർപ്പൻ വിജയം നൽകുന്ന ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തെ ഇത്തവണ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നതാണ് സൗഹൃദമത്സരങ്ങളിലെ ടീമിന്റെ പ്രകടനം.
ഗോവയിൽ നാലു മത്സരങ്ങളിലാണ് ടീം കളിച്ചത്. ആദ്യ കളിയിൽ ഹൈദരാബാദ് എഫ്.സിയെയും (2-0) അവസാന മത്സരത്തിൽ ജംഷേദ്പുര്‍ എഫ്.സിയെയും (3-0) ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചു. മുംബൈ സിറ്റിയോട് ഗോൾരഹിത സമനില വഴങ്ങിയപ്പോൾ ഈസ്റ്റ് ബംഗാളിനോട് മാത്രമാണ് തോറ്റത് (1-3).
ഹൈദരാബാദ്, മുംബൈ ടീമുകൾക്കെതിരേ മുഴുവൻ ഇന്ത്യൻ താരങ്ങളുമായി കളിച്ച ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരേ ആദ്യപകുതിയിലും വിദേശതാരങ്ങളെ ഇറക്കിയില്ല. അവസാന മത്സരത്തിൽ അഞ്ച് വിദേശതാരങ്ങളെയാണ് പരീക്ഷിച്ചത്.
വ്യത്യസ്ത ഫോർമേഷനുകളിലും കളിക്കാരെ വിവിധ പൊസിഷനുകളിലുമാണ് പുതിയ പരിശീലകൻ കിബു വികുന പരീക്ഷിച്ചത്. അവസാന മത്സരത്തിൽ ഋത്വിക് ദാസിനെ വലതുവിംഗ് ബാക്കായി ആദ്യ പകുതിയിൽ ഇറക്കി.പരിക്കിൽനിന്ന് മുക്തനായ നിഷുകുമാർ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ടീമിലേക്ക് വൈകിയെത്തിയ അർജന്റീനതാരം ഫകുണ്ടോ പെരെയ്‌രയ്ക്കാണ് സന്നാഹമത്സരങ്ങളുടെ ഗുണം കിട്ടാതിരുന്നത്. സൂപ്പർ സ്ട്രൈക്കർ ഗാരി ഹൂപ്പറടക്കം നാല് വിദേശതാരങ്ങളെയാണ് കാര്യമായി പരീക്ഷിച്ചത്.
കളിച്ച രണ്ട് മത്സരങ്ങളിലും ഹൂപ്പർ സ്‌കോർ ചെയ്തതും മലയാളി താരങ്ങളായ കെ.പി. രാഹുലും സഹൽ അബ്ദു സമദും ഗോൾ നേടിയതും കിബുവിനെ സന്തോഷിപ്പിക്കുന്നുണ്ട്. മുൻവര്‍ഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സന്നാഹമത്സരങ്ങളിൽ ടീം മികച്ച പ്രകടനം നടത്തുന്നത് മാനേജ്മെന്റിനും ആശ്വാസം പകരുന്നതാണ്. പുതിയ സീസണിലേക്ക് മികച്ച വിദേശതാരങ്ങളെ കൊണ്ടുവന്നതടക്കം മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്.
വിദേശതാരങ്ങളെ മാറ്റിനിറുത്തിയാൽ വമ്പൻപേരുകാരായ ഇന്ത്യൻ താരങ്ങൾ ടീമിലില്ല. യുവത്വവും വിദേശതാരങ്ങളുടെ പരിചയസമ്പത്തും കോർത്തിണക്കിയ ടീമിനെ ഇറക്കാനാണ് കിബുവിന്റെ ശ്രമം. റിസർവ് ടീമിൽ നിന്നുള്ള അഞ്ച് താരങ്ങളെ ഉൾപ്പെടുത്തി 30 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഉദ്ഘാടനമത്സരത്തിൽ കൊൽക്കത്ത ക്ലബ്ബ് എ.ടി.കെ. മോഹന്‍ ബഗാനാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളി.
ഏഷ്യൻ ലൈസൻസ് ലഭിക്കാതെ ബ്ളാസ്റ്റേഴ്സ്
ന്യൂഡൽഹി : കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ അഞ്ച് ഐ.എസ്.എൽ ക്ലബ്ബുകൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (എ.എഫ്.സി) ദേശീയ ഫെഡറേഷന്റെയും (എ.ഐ.എഫ്.എഫ്) വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ലൈസൻസ് നിഷേധിച്ചു. ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവയാണ് ബ്ലാസ്റ്റേഴ്സിനു പുറമേ ലൈസൻസ് ലഭിക്കാത്ത ക്ലബ്ബുകൾ. ക്ലബ്ബുകൾക്ക് അപ്പീൽ നൽകുകയോ ലൈസൻസ് ഇളവു നൽകണമെന്ന് അപേക്ഷിക്കുകയോ ചെയ്യാം. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇളവു ലഭിക്കുമെന്നാണ് പ്രതീക്ഷ.