ഉത്തർപ്രദേശിലെ ഭദ്രാസ് ഗ്രാമത്തിലെ വനമേഖലയിൽ ആറ് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി 'ഇഷ്‌ക്' സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമാണ് യു.പി എന്നാണ് അനുരാജ് പറയുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അനുരാജിന്റെ പ്രതികരണം.
യു.പിയിൽ പീഡനത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നും ശ്വാസകോശം വേർപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. കൂട്ടിയെ ദുരാചാരത്തിന്റെ ഭാഗമായി ആരോ തട്ടിക്കൊണ്ട് പോയി ശ്വാസകോശം മുറിച്ചെടുത്തതാണെന്ന് പെൺകുട്ടിയുടെ അച്ചൻ ആരോപിച്ചിരുന്നു.
എന്നാൽ കുട്ടിയെ ഏതെങ്കിലും വന്യമൃഗങ്ങൾ പിടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. രാജ്യത്തെ നടുക്കിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
കുറിപ്പ് ചുവടെ:
"ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു. ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇന്നലെ നടന്നതാണ്."