ലക്‌നൗ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് സർക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പ്രതിരോധ പ്രവർത്തനങ്ങളിൽ യു.പി സർക്കാർ സ്വീകരിച്ച നടപടികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും ഡബ്ളിയു.എച്ച്.ഒ തലവൻ റോഡ്രിക്കോ ഓഫ്രിൻ പറഞ്ഞു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനായി സർക്കാർ കൈകൊണ്ട നടപടികൾ പ്രശംസനീയമാണ്.
പ്രതിരോധത്തിനും ഹൈ റിസ്ക് കോൺടാക്‌ടുകൾ കണ്ടെത്തുന്നതിനും സർക്കാർ പ്രാധാന്യം നൽകി. ഇതിനായി 70,000ത്തിലധികം ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്തുടനീളം മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത്. മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടിയായ സമ്പർക്ക പട്ടിക തയാറാക്കുന്നതിനും മികച്ച പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. ഇവർക്ക് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായവും പരിശീലനവും നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിക്‌സ് കോൺടാക്ടുകളെ കണ്ടെത്തുന്നതിനും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും സർക്കാരിന് കഴിഞ്ഞുവെന്നും ഓഫ്രിൻ പറഞ്ഞു.