hand

ഗുവഹാട്ടി: മറഞ്ഞിരിക്കുന്ന നിധികുംഭം കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലിയർപ്പിക്കാനൊരുങ്ങിയ രണ്ടു പേരെ അസാം പൊലീസ് അറസ്റ്റ് ചെയ്തു. ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലുള്ള സഹോദരങ്ങളായ ജാമിയൂർ ഹുസൈൻ, ഷരീഫുൾ ഹുസൈൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ ആറു മക്കളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. പ്രദേശവാസികളാണ് നരബലി നടത്താൻ നീക്കമുള്ളതായി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്വമേധയാ അന്വേഷണം നടത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വ്യാജസിദ്ധന്റെ ഉപദേശപ്രകാരം മക്കളെ ബലി നൽകി വീടിനു സമീപത്തെ മാവിൻ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. നാട്ടുകാരുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിൽ സിദ്ധന്റെ ഉപദേശം തേടിയെന്നാണ് ഇവരുടെ വാദം. സിദ്ധനെ കണ്ട് തിരിച്ചെത്തിയതു മുതൽ നാട്ടുകാർ തങ്ങളെ സംശയത്തോടെ നോക്കുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. സിദ്ധനെ പിടികൂടുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.