cpm

ചേർത്തല: വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി.ചന്ദ്രൻ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെതിരെ മത്സര രംഗത്ത്. മുഹമ്മ കണ്ണാർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ ഒന്നാം പ്രതിയും പിന്നീട് ജില്ലാ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത മുഹമ്മ തോട്ടത്ത് ശേരി അഡ്വ.ലതീഷ് ബി.ചന്ദ്രൻ മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാലാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. കേസുമായി ബന്ധപ്പെട്ട് ലതീഷിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതോടെ പാർട്ടി അംഗത്വം പുന:സ്ഥാപിക്കാനായി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ അപേക്ഷ നൽകിയെങ്കിലും പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയത്. മുഹമ്മ ഗ്രാമപഞ്ചായത്തി​ലെ ആദ്യ പത്രിക സമർപ്പിച്ചത് ലതീഷാണ്. യു.ഡി.എഫ്,ബി.ജെ.പി സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.