ന്യൂഡൽഹി : ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന അണ്ടർ-17 വനിതാ ലോകകപ്പ് റദ്ദാക്കിയതായും 2022ലെ ലോകകപ്പ് നടത്തിപ്പ് അവകാശം ഇന്ത്യയ്ക്ക് കൈമാറിയതായും ഫിഫ അറിയിച്ചു. 2019ലാണ് ഫിഫ ലോകകപ്പ് വേദി ഇന്ത്യയ്ക്ക് അനുവദിച്ചത്. അഞ്ച് നഗരങ്ങളിലായാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുവരവെയാണ് കൊവിഡ് ഭീഷണി എത്തിയത്. തുടർന്ന് 2021 ഫെബ്രുവരി- മാർച്ച് മാസങ്ങളിലേക്ക് ടൂർണമെന്റ് മാറ്റിവച്ചിരുന്നു. അതും നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ലോകകപ്പ് റദ്ദാക്കാൻ തീരുമാനിച്ചത്. 2022ലെ വേദി ഇതുവരെ നിശ്ചയിച്ചിരുന്നിട്ടില്ലാത്തതിനാൽ അത് ഇന്ത്യയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.