shashi-tharoor

ന്യൂഡൽഹി: സ്നേഹത്തിനെതിരെയല്ല, വെറുപ്പിനെതിരെയാണ് നിയമനിർമാണം വേണ്ടതെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ലവ് ജിഹാദിനെതിരെ മദ്ധ്യപ്രദേശ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹം ട്വിറ്റർ വഴി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും അതിനുള്ള ശിക്ഷയായി അഞ്ച് വർഷം ജയിലിലടയ്ക്കും എന്ന മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രസ്താവനയും ഒപ്പം അതുമായി ബന്ധപ്പെട്ട വാർത്തയും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

'വെറുപ്പിനെതിരെയാണ്, സ്നേഹത്തിനെതിരെയല്ല നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക' എന്നും തന്റെ ട്വീറ്റിലൂടെ അദ്ദേഹം ചോദിക്കുന്നുണ്ട്.

ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ വ്യക്തമാക്കി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മദ്ധ്യപ്രദേശ് സര്‍ക്കാരും ലവ് ജിഹാദിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങുന്നതായി അറിയിച്ചത്.