വാഷിംഗ്‌ടൺ: കൊവിഡ് പ്രതിരോധനടപടികൾ ഏകോപിപ്പിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതിനാൽ യു.എസിൽ കൂടുതൽ ആളുകൾ വെെറ്സ ബാധിച്ച് മരിക്കുമെന്ന് താൻ ഭയപ്പെടുന്നതായി നിയുക്ത പ്രസിഡന്റ് ജോ ബെെഡൻ. വാക്‌സിൻ പ്രധാനമാണെന്നും എന്നാൽ വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നത് വരെ അത് കൊണ്ട് പ്രയോജനമില്ലെന്നും ബെെഡൻ പറഞ്ഞു. പുതിയ ഭരണകൂടവുമായി സഹകരിക്കാൻ ട്രംപ് തയ്യാറാകാത്തതിന്റെ അനന്തരഫലങ്ങൾ എന്താകുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ബെെഡൻ.
തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് മുൻഗണന നൽകുമെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ച ബെെഡൻ ജനുവരി 20ലെ തന്റെ സ്ഥാനാരോഹണത്തിന് ശേഷം ഭരണ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു ഉപദേശക സമിതി രൂപീകരിച്ചു. എന്നാൽ ട്രംപ് ഭരണകൂടം ഇതിന് യാതൊരു പിന്തുണ നൽകുകയും അംഗീകിരിക്കുകയും ചെയ്‌തിട്ടില്ല.
എല്ലാ അമേരിക്കക്കാർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് നൽകാൻ വലിയ ശ്രമം വേണ്ടിവരുമെന്നും ട്രംപ് ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാർപ്പ് സ്പീഡിന് കീഴിൽ വാക്സിൻ വികസിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി പരാജയമായെന്നും ബെെഡൻ കൂട്ടിച്ചേർത്തു. ഇത് വിജയകരമായി നടപ്പിലാക്കാൻ ജനുവരി 20 വരെ കാത്തിരിക്കേണ്ടി വന്നാൽ അത് ഏവരെയും പിന്നിലാക്കുമെന്നും ബെെഡൻ പറഞ്ഞു. കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഇത് വരെ 247,000 പേരാണ് മരണമടഞ്ഞു.