കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നടപടി വേഗത്തിലാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. മെട്രോ മാൻ ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.
വിജിലൻസ് സംഘം രാവിലെയോടെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് വിജിലൻസ് എത്തിയതെങ്കിലും ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. വീട്ടിൽ ഭാര്യ ഒറ്റയ്‌ക്കായിരുന്നു. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോട് വിജിലൻസ് വിവരങ്ങൾ തേടി. പാലം പൊളിച്ച ശേഷമുളള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടുകാരുടെ മൊഴി വിശ്വസിക്കാതെ ലോക്കൽ പൊലീസിന്റെ സഹായത്തോടെ വിജിൻലസ് സംഘം ഇപ്പോൾ വീടിനകത്ത് പരിശോധന നടത്തുകയാണ്. വനിത പൊലീസ് ഉൾപ്പടെയുളളവർ വീടിനകത്തേക്ക് കയറിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ വീടിന് ചുറ്റും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ഉണ്ടെന്നും അദ്ദേഹം ഇന്നലെ വൈകുന്നേരം അങ്ങോട്ടേക്ക് എത്തിയെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലുണ്ടെന്ന കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിജിലൻസ് സംഘത്തിന്റെ പ്രതികരണം.
അറസ്റ്റ് വിവരം ചോർന്നതു കൊണ്ടാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായതെന്നാണ് വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഫോണിൽ ഡോക്‌ടർമാരോട് സംസാരിച്ച വിജിലൻസ് സംഘം ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തി ഡോക്‌ടർമാരോട് സംസാരിച്ച ശേഷമായിരിക്കും വിജിലൻസിന്റെ തുടർനീക്കങ്ങൾ.