fire1

ലക്നൗ: പീഡനക്കേസിൽ ഒത്തുതീർപ്പിന് വിസമ്മതിച്ച പെൺകുട്ടിയെ അമ്മാവനും കൂട്ടാളികളും ചേർന്ന് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് അമ്മാവനുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.

ആഗസ്റ്റ് മാസത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ മാമ്പഴത്തോട്ടത്തിൽ കാവൽ നിൽക്കാൻ എത്തിയ ഒരാളാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അന്വേഷണം നടത്തിയ പൊലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതിയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുളളവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇതിനിടെ കേസിൽ നിന്ന് പിന്മാറണമെന്നും പ്രതിയുമായി ഒത്തുതീർപ്പിലെത്തണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ അമ്മാവനും രംഗത്തെത്തി. എന്നാൽ പെൺകുട്ടിയുടെ ഇത് അംഗീകരിച്ചില്ല. തുടർന്നും ഭീഷണി തുടർന്നു.

കഴിഞ്ഞചൊവ്വാഴ്ചയാണ് പെൺകുട്ടിയെ പൊളളലേറ്റനിലയിൽ വീടിന് സമീപത്ത് കണ്ടത്. മാനസിക സമ്മർദ്ദത്തെത്തുടർന്ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. പെൺകുട്ടി മരിച്ചതോടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച ഉണ്ടായെന്ന് കണ്ടതോടെ രണ്ട് പൊലീസുകാരെ സസ്പെൻഡുചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.