ibrahim-kunju

കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുളള വിജിലൻസ് സംഘത്തിന്റെ അതിനിർണായകമായ നീക്കം ചോർന്നത് ഉദ്യോഗസ്ഥർക്ക് ഞെട്ടലായി. രാവിലെ തന്നെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയോടെയാണ് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച പദ്ധതി ഇന്നലെ തന്നെ അതീവ രഹസ്യമായി തയ്യാറാക്കിയിരുന്നു. അറസ്റ്റ് വിവരം മാദ്ധ്യമങ്ങൾ അറിയാതിരിക്കാൻ പ്രത്യേകം കരുതലുമുണ്ടായിരുന്നു.

അതേസമയം രഹസ്യ വിവരം ഇബ്രാഹിംകുഞ്ഞിന്റെ ചെവിയിലത്തിയതോടെ അദ്ദേഹം ലേക്‌ഷോർ ആശുപത്രിയിലേക്ക് നേരെ പോവുകയായിരുന്നുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇന്നലെ വൈകുന്നേമാണ് മുൻമന്ത്രി രഹസ്യമായി ആശുപത്രിയിൽ അഡി‌മിറ്റായത്. രോഗവിവരം ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തിന്റെ തുടക്കനാളുകളിൽ തന്നെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കഴിഞ്ഞ കുറച്ചുകാലമായി ലേക്‌ഷോർ ആശുപത്രിയിൽ നടക്കുകയുമാണ്. എന്നാൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ച് ഇബ്രാഹിംകുഞ്ഞ് നടത്തിയ അപ്രതീക്ഷിത നീക്കം അറസ്റ്റ് വിവരം ചോർന്നതുകൊണ്ട് തന്നെയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

വിജിലൻസ് സംഘം ഇന്ന് രാവിലെയോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് വിജിലൻസ് എത്തിയതെങ്കിലും ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. വീട്ടിൽ ഭാര്യ ഒറ്റയ്‌ക്കായിരുന്നു.

വീട്ടുകാരുടെ മൊഴി വിശ്വസിക്കാതെ ലോക്കൽ പൊലീസിന്റെ സഹായത്തോടെ വിജിൻലസ് സംഘം വീടിനകത്ത് പരിശോധന നടത്തുകയാണ്. വനിത പൊലീസ് ഉൾപ്പടെയുളളവർ വീടിനകത്തുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ വീടിന് ചുറ്റും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ഉണ്ടെന്നും അദ്ദേഹം ഇന്നലെ വൈകുന്നേരം അങ്ങോട്ടേക്ക് എത്തിയെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സംഘം ഉദ്യോഗസ്ഥർ ആശുപത്രിയിലേക്കും തിരിച്ചിട്ടുണ്ട്.