farmers

ന്യൂഡൽഹി: കഴിഞ്ഞ സെപ്തംബറിൽ കേന്ദ്രം നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ബിൽ പൂർണമായും കർഷക വിരുദ്ധമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ബിൽ വരുന്നതോടെ കടക്കെണിയിലായി ആത്മഹത്യചെയ്യേണ്ട സാഹചര്യം കർഷകർക്ക് ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞെങ്കിലും കർഷകരുൾപ്പെടെ ആരും ചെവിക്കൊണ്ടില്ല.

എന്നാൽ, ബില്ലിനെക്കുറിച്ച് സർക്കാർ പറഞ്ഞത് പൂർണമായും സത്യമാണെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നടന്ന സംഭവം. തന്റെ ഉല്പന്നങ്ങൾ വാങ്ങിയശേഷം നിശ്ചിത ദിവസത്തിനുളളിൽ വ്യാപാരികൾ പണം നൽകാത്തതിനെത്തുടർന്ന് ജിതേന്ദ്ര ഭോയി എന്ന കർഷകന്റെ പരാതിയിൽ അധികൃതർ വ്യാപാരികൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾ സ്വീകരിച്ചിരിക്കുകയുമാണിപ്പോൾ. രാജ്യത്ത് പുതിയ കാർഷിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആദ്യം നടപടി സ്വീകരിച്ച സംഭവം ഇതാണെന്നാണ് റിപ്പോർട്ട്. പുതിയ നിയമപ്രകാരം കർഷകനിൽ നിന്ന് വ്യാപാരികൾ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മൂന്നുദിവസത്തിനകം പണം കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതുലംഘിച്ചതിനാണ് രണ്ടുവ്യാപാരികൾക്കെതിരെ കേസെടുത്തത്. ജിതേന്ദ്ര നൽകിയ രേഖകൾ പ്രകാരം 285,000 രൂപയാണ് വ്യാപാരികൾ നൽകേണ്ടത്.

തന്റെ കൃഷിയിടത്തിലെ ചോളമാണ് ജിതേന്ദ്ര മദ്ധ്യപ്രദേശിലെ വ്യപാരികൾക്ക് വിറ്റത്. അഡ്വാൻസായി 25000 രൂപ നൽകിയശേഷം ബാക്കി തുക 15 ദിവസത്തിനുളളിൽ നൽകാമെന്നുപറഞ്ഞ് വ്യാപാരികൾ ധാന്യവുമായിപോയി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പണം നൽകണമെന്ന് വ്യാപാരികളാേട് ആവശ്യപ്പെട്ടെങ്കിൽ നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് പുതിയ കാർഷിക ബില്ലിനെക്കുറിച്ചും നിശ്ചിത ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ വ്യാപാരികൾക്കെതിരെ പരാതി നൽകാമെന്നും ചിലർ ജിതേന്ദ്രയെ അറിയിച്ചത്. ഇതിനെത്തുടർന്ന് ജിതേന്ദ്ര പരാതി നൽകുകയായിരുന്നു. തുടർന്ന് അധികൃതർ വ്യാപാരികളെ കണ്ടുപിടിക്കുകയും തുടർ നടപടികളെടുക്കുകയും ചെയ്തു.

പുതിയ കാർഷിക നിയമങ്ങൾ വരുന്നതിനുമുമ്പ് കർഷകർക്ക് സഹായകമായ നിയമങ്ങളൊന്നും ഇല്ലായിരുന്നു. ഇതുകാരണം വിൽക്കുന്ന ഉത്പന്നങ്ങൾക്കുളള വില യഥാസമയം ലഭിക്കാത്തിതിനെത്തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായി ആത്മഹത്യ ചെയ്തിട്ടുണ്ട്.

കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കലും ചൂഷണം ഒഴിവാക്കലുമാണ് ബില്ലുകളുടെ മുഖ്യലക്ഷ്യം. കാർഷിക വിളകൾ ശേഖരിക്കാനും വിൽക്കാനുമുള്ള സംവിധാനം നിലനിൽക്കെ വിളകൾ സ്വതന്ത്രമായി വിൽക്കാൻ അവസരമൊരുക്കുന്നതാണ് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020. കർഷകർക്ക് വിളകൾ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാൻ സ്വാതന്ത്ര്യം നൽകുന്നതാണ് രണ്ടാമത്തെ ബിൽ. ഇത് വിലപേശൽ ശക്തിയില്ലാത്ത, വിത്തും വളവും ഉൾപ്പെടെ വാങ്ങി കാർഷികവൃത്തി നടത്താൻ നിവൃത്തിയില്ലാതെ വിഷമിക്കുന്ന 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകർക്ക് സഹായകമാണ്. കൂടാതെ മികച്ച ഉത്പാദനത്തിനായി കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാൻ വഴിയൊരുക്കും. വിളകൾക്ക് വിലപേശി മികച്ച വില കൈവരിക്കാനും കരുത്തുള്ളവരായി അവരെ മാറ്റും.