ponkunnam-varkey
പൊൻകുന്നം വർക്കിയും എൻ.എൻ. പിള്ളയും

(നാടകലോകത്തെ ഒറ്റയാൾപട്ടാളമായിരുന്ന എൻ.എൻ.പിള്ളയുടെ ജീവിതത്തിന് തിരശ്ശീല വീണിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു )​

...........................

മഴ കോരിച്ചൊരിയുന്ന ഒരു പാതിരാവിൽ എൻ.എൻ.പിള്ളയും പൊൻകുന്നം വർക്കിയും കണ്ടുമുട്ടുകയാണ്. പെരുമ്പടവം ശ്രീധരൻ പത്രാധിപരായി മലയാളനാട് വാരിക പുനരാരംഭിച്ച കാലമായിരുന്നു അത്. അകാലത്തിൽ പൊലിഞ്ഞ എന്റെ സുഹൃത്ത് എ.ആർ.ഷാജിയായിരുന്നു മാനേജിംഗ് എഡിറ്റർ. ബാബു പാക്കനാർ സഹപത്രാധിപരും. എൻ.എൻ. പിള്ളയോടും പൊൻകുന്നം വർക്കിയോടുമുള്ള വ്യക്തിപരമായ അടുപ്പം അറിയാമായിരുന്ന മൂവരും അവരെ കണ്ടുമുട്ടിക്കാനുള്ള സന്ദർഭം ഒരുക്കിക്കൊടുക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് 1995 നവംബറിലെ കോരിച്ചൊരിയുന്ന മഴയത്ത് ഇരുവരും കണ്ടുമുട്ടാൻ ഇടയായത്.

വൈകുന്നേരത്തോടെ പൊൻകുന്നം വർക്കിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പറഞ്ഞു സമ്മതിപ്പിച്ച് എൻ.എൻ.പിള്ളയുടെ വീട്ടിലെത്തിക്കുകയായിരുന്നു ദൗത്യം. ഞങ്ങൾ വർക്കിച്ചേട്ടന്റെ വീട്ടിലെത്തുമ്പോൾ അദ്ദേഹം 'നല്ല ഫോമി'ലായിരുന്നു. അദ്ദേഹത്തെ പറഞ്ഞു സമ്മതിപ്പിച്ച് എൻ.എൻ.പിള്ളയുടെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് മഴ കോരിച്ചൊരിഞ്ഞത്, മഴ ശമിക്കാതായപ്പോൾ ആ ഇരുൾമഴയിലൂടെത്തന്നെ ഞങ്ങൾ എൻ.എൻ.പിള്ളയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വനമേഖലയുടെ തണുപ്പും മൂടിക്കെട്ടലും ഉള്ളതായിരുന്നു അന്ന് പാമ്പാടിയിൽനിന്ന് ഒളശ്ശയിലേക്കുള്ള വഴി. ദുർഘടം പിടിച്ച വഴികളിലൂടെ ഇരുട്ടും മഴയും കെട്ടുപിണയുന്ന രാത്രിയെ കീറിമുറിച്ച് അവിടെയെത്തുമ്പോൾ സമയം പാതിരാവായിരുന്നു. കോട്ടയം ഒളശ്ശ എന്ന ഗ്രാമത്തിലെ ഡയനീഷ്യ എന്ന വീടിന്റെ വലിയ ഗേറ്റിനു മുന്നിൽ ഞങ്ങളെത്തുമ്പോൾ പൂമുഖത്തു മലയാള നാടക വേദിയിലെ ഒറ്റയാൾ പട്ടാളം നീണ്ടുനിവർന്ന് നിൽക്കുന്നു. മഴയിൽ കുതിർന്ന പാതിരാവിന്റെ നടുവിൽ കാറിൽ നിന്നിറങ്ങിയ പൊൻകുന്നം വർക്കി ആടിയുലഞ്ഞു നിൽക്കുകയാണ്. മൂർച്ചയുള്ള കണ്ണുകൾ നീട്ടി എൻ.എൻ.പിള്ള നോക്കുമ്പോൾ, കഴുത്തിൽ തലയുറപ്പിച്ച്, ബലം പിടിച്ചു നിവരാൻ ശ്രമിച്ചുകൊണ്ട് വർക്കിച്ചേട്ടൻ ചോദിച്ചു- "എടോ എൻ.എൻ.പിള്ളേ, നിന്റെ പേരെന്താ?" നാടകലോകത്തെ നായകനായി നിലകൊണ്ട അദ്ദേഹം ചെറുതായി മൂക്കുചീറ്റി വർക്കിച്ചേട്ടന്റെ അരികിലേക്ക് നടന്നുവന്നു. പൊടുന്നനെ എല്ലാ സ്നേഹാദരങ്ങളോടും കൂടി ഇരുവരും കെട്ടിപ്പുണർന്നു. അപ്പോഴേക്കും മഴ തെല്ലു ശമിക്കാൻ തുടങ്ങിയിരുന്നു. പിടിവിട്ട് അല്പം പിന്നിലേക്കു മാറിനിന്ന് വർക്കിച്ചേട്ടൻ പറഞ്ഞു- "എടാ അനിയാ, ഞാൻ വാർ -കീ, യുദ്ധത്തിന്റെ താക്കോൽ." പൊട്ടിച്ചിരിച്ചുകൊണ്ട് പിള്ളച്ചേട്ടൻ പറഞ്ഞു- "ഞാൻ എൻ,എൻ,പിള്ള എന്ന നാരായണ നാരായണ പിള്ള."
മഴ അപ്പോഴും ചനുചനെ പെയ്യുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയേതാണെന്നു ചോദിക്കുന്ന മട്ടിൽ നിൽക്കുന്ന വർക്കിച്ചേട്ടന്റെ ഭാവം കണ്ട് പിള്ളച്ചേട്ടൻ പറഞ്ഞു, "ചേട്ടൻ ധൈര്യമായി കയറി വാ, ഞാനില്ലേ കൂടെ.'' ഒപ്പമുണ്ടായിരുന്ന ഗോപി കൊടുങ്ങല്ലൂർ പിടിക്കാൻ തുടങ്ങുമ്പോൾ വർക്കിച്ചേട്ടൻ പറഞ്ഞു, "വേണ്ട മറ്റാരും എന്നെ പിടിക്കേണ്ട, എന്റെ പിള്ളച്ചേട്ടൻ പിടിച്ചാൽ മതി. " പരസ്പരം ചേട്ടാ എന്നാണ് ഇരുവരും വിളിക്കുക. പ്രായത്തിൽ ആരാ മൂത്തതെന്ന തർക്കം അന്നും ബാക്കിയാണ്. പിള്ളച്ചേട്ടൻ വർക്കിച്ചേട്ടനെ ചേർത്തുപിടിച്ച് സന്ദർശക മുറിയിലേക്ക് നടക്കുന്നതിനിടയിൽ പൊൻകുന്നംവർക്കി പറഞ്ഞു, "എടോ, പിള്ളേ എനിക്ക് വിശക്കുന്നു." ഡയനീഷ്യയിൽ എപ്പോഴും മുഴങ്ങിക്കേൾക്കാറുള്ള ആ വിളി ഉയർന്നു,:"ഓമനോ ". എല്ലാവർക്കും ചിറ്റയായ സഹോദരി ഓമന ഇറങ്ങിവന്നു, "വർക്കിച്ചേട്ടന് കഴിക്കാനെന്താ ഉള്ളത്?" ആവിപറക്കുന്ന ചിക്കൻ നിമിഷങ്ങൾക്കകം മേശപ്പുറത്തെത്തി. "എനിക്ക് വറുത്തതും കരിച്ചതുമൊന്നും വേണ്ട, കുടിക്കാൻ വേറൊന്നുമില്ലേ ?".വർക്കിച്ചേട്ടന്റെ മട്ടുമാറി. "അത് വന്നപ്പോഴേ പറയാൻ മേലാരുന്നോ, വർക്കിച്ചേട്ടന് എന്താ വേണ്ടത്?" പിള്ളച്ചേട്ടൻ ഗോവണി കയറി മുകളിലേക്ക് പോയി. വർക്കിച്ചേട്ടൻ ഒന്നുരണ്ട് ഇറച്ചിക്കഷണങ്ങൾ ഉള്ളിലാക്കി, ഒരു ഫുൾ ബോട്ടിൽ ബ്രാന്റിയുമായി പിള്ളച്ചേട്ടൻ ഇറങ്ങിവന്നു. ആ വരവിന് ഒരു സ്റ്റൈൽ മന്നന്റെ മട്ടുണ്ടായിരുന്നു. "അല്ല പിന്നെ! ഇത് വന്നപ്പോഴേ പറയാൻ മേലാരുന്നോ? വിശക്കുന്നെന്നു പറഞ്ഞപ്പോൾ ഞാൻ കരുതി ...ങ്ഹാ', നല്ല ഏർപ്പാട്.നിറയെ ഒഴിക്കട്ടെ?" വെള്ളം ചേർക്കുന്നതിനുമുമ്പു എടുത്തൊരു പിടിപിടിച്ചു. ഗ്ലാസ് ടീപ്പോയിലേക്കു വയ്ക്കുന്നതിനൊപ്പം ആ ചോദ്യം ആവർത്തിച്ചു. "എടോ പിള്ളേ തന്റെ പേരെന്താന്നാ പറഞ്ഞത് ?"എൻ.എൻ.പിള്ള കുലുങ്ങിച്ചിരിച്ചു. ആരുടെ മുന്നിലും കൂസാത്ത നാടകാചാര്യന്റെ പെരുമയുണ്ടായിരുന്നു ആ ചിരിക്ക്. "ഇവിടെ കഴിക്കാനൊന്നുമില്ലേ, എനിക്ക് വിശക്കുന്നു."വർക്കിച്ചേട്ടൻ വീണ്ടും പറഞ്ഞു, "വർക്കിച്ചേട്ടനെന്താ വേണ്ടത്? " എനിക്ക് കഞ്ഞി വേണം,"ഓമനോ, വർക്കിച്ചേട്ടന് കഞ്ഞി വേണമെന്ന്.''

സംസാരം സാഹിത്യവിപ്ളവത്തിലേക്കു കടക്കുന്നതിനിടെ ചിറ്റ കഞ്ഞിയുമായെത്തി. വർക്കിച്ചേട്ടൻ ഒരു സ്പൂൺ കോരിക്കുടിച്ചു. ഒപ്പമുണ്ടായിരുന്ന അവിയൽ എടുത്തു രുചിച്ചു. ബാക്കിയുണ്ടായിരുന്നതു അകത്താക്കി ഗ്ലാസ് കാലിയാക്കി, "എടോ, അനിയാ, പിള്ളേ, ഈ കഞ്ഞി നീ തന്നെ എനിക്ക് കോരിത്തരണം. ഈ കൂട്ടാൻകൂടി അതിലിട്ടു കലക്കി താ." പിള്ളച്ചേട്ടൻ കഞ്ഞിയിൽ കൂട്ടാൻ ചേർത്തിളക്കി വർക്കിച്ചേട്ടന് കോരിക്കൊടുത്തു, ആഹ്ലാദത്തോടും അഭിമാനത്തോടും അതു കഴിച്ചു. മലയാളസാഹിത്യത്തിലെ രണ്ടു സിംഹങ്ങൾ കണ്ടുമുട്ടിയ ആ രാത്രിക്കു തിരശ്ശീല വീഴുകയാണ്. എല്ലാവരുംകൂടി വർക്കിച്ചേട്ടനെ പിടിച്ചെഴുന്നേല്പിക്കുന്നു. ''വേണ്ട, എന്നെയാരും പിടിക്കണ്ട, എനിക്ക് ഒറ്റയ്ക്കു പോകാനറിയാം, അല്ലെങ്കിൽ എന്റെ പിള്ള പിടിക്കട്ടെ'' പിള്ളച്ചേട്ടൻ വർക്കിച്ചേട്ടനെ താങ്ങിപ്പിടിച്ചു. സർവഭാരവും അവിടേക്കു താങ്ങുന്നതുകണ്ട് പെരുമ്പടവവും ഷാജിയും സഹായിക്കാനെത്തി. മഴ അപ്പോഴും തോർന്നിരുന്നില്ല.

ഈ കൂടിക്കാഴ്ചയ്ക്കുശേഷം ഒരാഴ്ച കഴിയുമ്പോൾ എൻ.എൻ.പിള്ള ജീവിതത്തോട് വിടപറഞ്ഞു. 1995 നവംബർ 14ന് നിയതി ആ മഹാവെളിച്ചത്തിന് തിരശ്ശീലയിട്ടു. ഒളശ്ശയിലെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ എന്റെ കണ്ണിൽനിന്ന് പ്രവഹിച്ചത് വെറും കണ്ണുനീരായിരുന്നില്ല. അതിന്നും ഒരു വിങ്ങലായി എന്റെ നെഞ്ചിലുണ്ട്, ഓർക്കുമ്പോഴെല്ലാം കണ്ണിലേക്ക് അതിന്റെ നനവു പടരും. ഒളശ്ശയിലെ ആ വീട്ടിൽ നിന്ന് കഴിച്ചിട്ടുള്ള ആഹാരത്തിന്റെ രുചി ഇന്നും നാവിൻതുമ്പിലുണ്ട്. വാത്സല്യത്തോടെ ചിറ്റ വിളമ്പിത്തന്ന ആഹാരം,​ വിവിധതരം കറികൾ. വറുത്തതും പൊരിച്ചതുമെല്ലാം അതിലുണ്ടാവും. എത്രയെത്ര ദിനരാത്രങ്ങൾ... പുലർച്ചയിൽ സമീപത്തുള്ള ക്ഷേത്രക്കുളത്തിൽ ഒരു മുങ്ങിക്കുളി. ഒപ്പമിരുന്നു കഴിക്കുമ്പോൾ പിള്ളച്ചേട്ടൻ പറയും- ''ബാബു ഉള്ളപ്പോൾ ഭക്ഷണം കഴിക്കാൻ നല്ല സുഖമുണ്ട്.'' അതുകേട്ട് പിള്ളച്ചേട്ടന്റെ സഹധർമ്മിണി ചിന്നമ്മച്ചേച്ചി ചിരിക്കും. ബാബുവിന് ഇനിയെന്താ വേണ്ടത്?​ ചിറ്റ ചോദിക്കും. പുലരുവോളം നീളുന്ന നാടകചർച്ചകൾക്കുശേഷം പ്രഭാതത്തിലൊ സായാഹ്നത്തിലൊ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലേക്കു മടങ്ങുമ്പോൾ പിള്ളച്ചേട്ടൻ ചോദിക്കും- ഇനിയെന്നാ വരുന്നത്? ആ ചോദ്യം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.

'എന്തൊരദ്ഭുതം! എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ?

അല്ല ഞാനെന്നിൽക്കൂടി പ്രപഞ്ചം സൃഷ്ടിച്ചതോ?

ഉത്തരം കാണാത്തൊരീ ചോദ്യങ്ങൾക്കവസാന

ഉത്തരമെഴുതുമെൻ മരണപത്രത്തിൽ ഞാൻ ' - ‌

'ഞാൻ' എന്ന ആത്മകഥയുടെ കവറിൽ ജ്ഞാനിയായ എൻ.എൻ.പിള്ള രേഖപ്പെടുത്തിയിട്ടുള്ള ഈ മുക്തകം ഒരിക്കൽക്കൂടി വായിക്കാം. അടുത്ത ബെല്ലിന് തിരശ്ശീല ഉയരും. വെളിച്ചം നിറയും. അരങ്ങിൽ എൻ.എൻ.പിള്ള നടന്നു പ്രവേശിക്കുന്നു.