nitish-kumar

പട്ന: കഴിഞ്ഞ ദിവസമാണ് ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സർക്കാർ അധികാരമേറ്റത്. തുടർച്ചയായ നാലാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് എത്തുന്നത്. മന്ത്രിസഭയിലെ പതിനാല് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് ഏഴ് പേർ, ജനതാദളിൽ(യുണൈറ്റഡ്) നിന്ന് അഞ്ച് പേർ, ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), വികാശീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നീ പാർട്ടികളിൽ നിന്ന് ഓരോരുത്തർ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്.ഇത്തവണത്തെ മന്ത്രിസഭയിൽ ദളിതർ, യാദവ്, ഭൂമിഹാർ, ബ്രാഹ്മണർ, രജപുത്രർ എന്നിവരുടെ പ്രാതിനിധ്യം ഉണ്ട്. അതേസമയം നിതീഷ് കുമാർ മന്ത്രിസഭയിൽ ആദ്യമായി മുസ്ലീം പ്രാതിനിധ്യം ഉണ്ടായില്ല.

എൻഡിഎ ഇതര പാർട്ടികൾക്ക് മുസ്ലിം എംഎൽഎമാർ ഉണ്ട്. ആർജെഡിയുടെ 75 എംഎൽഎമാരിൽ എട്ട് പേർ മുസ്ലീങ്ങളാണ്. 19 സീറ്റ് നേടിയ കോൺഗ്രസിൽ നാല് മുസ്ലീം എംഎൽഎമാരുണ്ട്. അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മിന് അഞ്ച് പേരും മുസ്ലീങ്ങളാണ്. ഇടതുപക്ഷ പാർട്ടികളുടെ 16 എംഎൽഎമാരിൽ ഒരാളും,ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) ഒരു എംഎൽഎയും മുസ്ലീമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിയു 11 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിരുന്നെങ്കിലും അവരാരും വിജയിച്ചില്ല. നിതീഷ് കുമാറിന്റെ അവസാന സർക്കാരിലെ ഏക മുസ്ലീം മന്ത്രി ഖുർഷിദ് ആലം ഇത്തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കഴിഞ്ഞ സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു ആലം. ബിജെപി, എച്ച്എഎം, വിഐപി തുടങ്ങിയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

243 അംഗ നിയമസഭയിൽ 125 സീ‌റ്റുകൾ നേടിയാണ് എൻ.ഡി.എ മുന്നണി ബീഹാറിൽ അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീ‌റ്റുകളായിരുന്നു. മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വിരുദ്ധമായി ഇത്തവണ നിതീഷിന്റെ ജനതാദൾ യുണൈ‌റ്റഡിനെക്കാൾ സീ‌റ്റ് നേടിയത് ബിജെപിയാണ്. 74 സീ‌റ്റുകളാണ് ബിജെപി നേടിയത്. നിതീഷിന്റെ ജനതാദളിന് 43 സീ‌റ്റുകൾ മാത്രമാണ് ലഭിച്ചത്.