വളരെ വർഷങ്ങൾക്കുമുൻപ് റിലീസ് ചെയ്ത 'സ്ഥാനാർത്ഥി സാറാമ്മ' എന്ന ചിത്രത്തിൽ, രണ്ടു പാർട്ടിക്കും വേണ്ടി പ്രസംഗിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസി പാടി അഭിനയിക്കുന്ന പ്രസിദ്ധമായ പാട്ടിലെ ഒരു വരിയാണ് ശീർഷകം. ഇപ്പോഴുമിങ്ങനെയാണ് വോട്ടുപിടിത്തമെന്നു പറഞ്ഞുകൂടാ. നമ്മുടെ തെരഞ്ഞെടുപ്പു സംസ്കാരത്തിൽ വലിയ മാറ്റങ്ങളുണ്ടായി. നടക്കാത്ത വാഗ്ദാനങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ എളുപ്പമല്ല ഇപ്പോൾ. എങ്കിലും വാഗ്ദാനങ്ങൾ ഏതൊരു തെരഞ്ഞെടുപ്പിലും ഒഴിച്ച് കൂടാത്തവ തന്നെയാണല്ലോ. ഇലക്ഷൻ മാനിഫെസ്റ്റോ തന്നെ വാഗ്ദാനങ്ങളല്ലേ? തോട്ടിൻകരയിൽ വിമാനമിറക്കുമെന്ന മാതിരിയുള്ള വാഗ്ദാനങ്ങൾ ഇപ്പോൾ ആരും നൽകാറില്ലെങ്കിലും, നടക്കുകയില്ല എന്ന് ബോധ്യമുള്ള കാര്യങ്ങൾ നടത്തുമെന്ന് പറയുന്ന ശീലത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ടാണ് ആ പഴയ പാട്ടു മനസ്സിനുള്ളിൽ വട്ടമിട്ട് പറക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടിനു അർഹതയുള്ള സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ എന്തായിരിക്കണം? ഏതൊരു ജനപ്രതിനിധിയുടെയും മുന്നിൽ അനേകം സാധ്യതകളുണ്ട്; ചുറ്റും നിരവധി ബാധ്യതകളുമുണ്ട്. എത്ര സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ജനപ്രതിനിധിക്കും ഏല്ലാം വിചാരിച്ച പോലെ ചെയ്തു തീർക്കാൻ സാധിക്കുകയില്ല. എന്നാൽ രാഷ്ട്രീയമായ സ്വാധീനം വർദ്ധിക്കുംതോറും സാധ്യതകൾ വളരുകയും പരിമിതികൾ കുറയുകയും ചെയ്യും.
ഒരു അംഗത്തിന്റെ പ്രവർത്തന സാധ്യതകളെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ഘടകമാണല്ലോ ബജറ്റ്. ഞങ്ങളുടെ പ്രതിനിധിക്ക് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകകളെക്കുറിച്ച് കൃത്യമായ അറിവുണ്ടാകണമെന്നു ആശിക്കുന്നു. കേന്ദ്ര പദ്ധതികളെപ്പറ്റിയും ബാഹ്യ ഫണ്ടിംഗ് ലഭിക്കുന്ന പ്രവൃത്തികളെക്കുറിച്ചും ആദ്യത്തെ മൂന്ന് മാസം പരീക്ഷയ്ക്ക് തയ്യാറാവുന്ന വിദ്യാർത്ഥിയെപ്പോലെ ഞങ്ങളുടെ പ്രതിനിധി പഠിക്കണം. എന്തെല്ലാം ചെയ്യാൻ പണമുണ്ട് എന്ന അറിവാണ് ഏറ്റവും വലിയ സാധ്യത. തന്റെ വാർഡിൽ നടക്കേണ്ട വികസനപ്രവർത്തനങ്ങൾ എന്തൊക്കയെന്ന് എല്ലാവരും മെമ്പറോട് പറഞ്ഞുകൊണ്ടിരിക്കും. (പലതും സ്വാർത്ഥമായ ആവശ്യങ്ങളായിരിക്കും) . അവയെല്ലാം ഒരിക്കലും പൂർണ്ണമായി ചെയ്തു തീർക്കാൻ സാധിക്കുകയില്ല. പൊതുവായ ആവശ്യങ്ങൾ വിലയിരുത്തി, മറ്റു പരിഗണനകൾ മാറ്റി നിർത്തി, പരമാവധി പ്രയോജനമുള്ള പ്രവൃത്തികൾ സ്വയം തീരുമാനിക്കാൻ സാധിക്കുന്ന ആളായിരിക്കണം ഞങ്ങളുടെ പ്രതിനിധി. . പരിസ്ഥിതി പോലുള്ള 'ബുദ്ധിമുട്ടുള്ള' വിഷയങ്ങളിൽ ശാസ്ത്രീയ അടിത്തറയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയണം. നാളത്തെ തലമുറയ്ക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങൾ ഇന്ന് മത്സരിച്ചു ഉപഭോഗം നടത്തി നശിപ്പിക്കലല്ല വികസനം എന്ന് പറയാൻ മടിക്കരുത്. പ്രകൃതി വിഭവങ്ങൾ നാളേയ്ക്ക് കരുതി വയ്ക്കാനുള്ള ധീരമായ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. ഇവയൊക്കെയാണ് സാധ്യതകൾ. ഇവയ്ക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാനാവൂ. എന്നാൽ ഇത് മനസ്സിലാക്കിയില്ലെങ്കിലോ? പാണ്ഡിത്യം നടിച്ചു വന്ന് വഴി തെറ്റിക്കുന്ന മാരീചന്മാർ നിരവധിയാണ്. വഴിതെറ്റാൻ നിന്ന് കൊടുക്കാത്ത മനോബലവും അറിവുമുള്ള ആളായിരിക്കണം ഞങ്ങളുടെ പ്രതിനിധി.
ജനപ്രതിനിധിയുടെ പരിമിതികളും വോട്ടർമാർ അറിയണം. ബ്യുറോക്രസിയാണ് ഏറ്റവും വലിയ പരിമിതി. (കുറേക്കഴിയുമ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങും) ബ്യുറോക്രസിയുടെ ഈ നിയന്ത്രണ ശക്തി എവിടെ നിന്ന് വരുന്നു? പഴഞ്ചൻ ചട്ടങ്ങൾ, കാലഹരണപ്പെട്ട നിയമങ്ങൾ, തീരുമാനമെടുക്കുന്നതിനുള്ള പുരാതന നടപടിക്രമങ്ങൾ, അവയൊക്കെ ഒരു മാറ്റവുമില്ലാതെ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ഇടനിലക്കാരുടെ താൽപ്പര്യം, അഴിമതി അവകാശമാക്കിയ രാവണപ്രഭുക്കളുടെ സ്വാധീനം ഇവകൊണ്ട് രൂപപ്പെട്ട മായാനഗരങ്ങളുണ്ട് ചുറ്റും. ഇവയെ പ്രതിരോധിക്കാനുള്ള മൂല്യബോധം കൊണ്ട് ശാക്തീകരിക്കപ്പെട്ട ആളായിരിക്കണം ഞങ്ങളുടെ പ്രതിനിധി എന്ന് ഞങ്ങൾ കിനാവ് കാണുന്നു.
വലിയ വാഗ്ദാനങ്ങൾ ഞങ്ങളെ ഉത്തേജിപ്പിക്കുന്നില്ല. പ്രതീക്ഷിക്കുന്നുമില്ല. ചെറിയ കാര്യങ്ങളേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ഓഫീസുകളിൽ എത്തുന്ന വലിയവനും ചെറിയവനും ഒരേ സ്വീകരണം കിട്ടുമെന്ന് ഉറപ്പു തരാൻ സാധിക്കുമോ? . കാര്യാലയത്തിലേയ്ക്ക് അയക്കുന്ന അപേക്ഷകളിന്മേൽ, അവ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്ന് നിശ്ചിത സമയത്തിനുള്ളതിൽ അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് അംഗീകരിക്കാമോ? വഴിയരികിലെ തണൽമരങ്ങൾ മുറിക്കാതിരുന്നുകൂടെ എന്ന് ചോദിച്ചതിന് ഞങ്ങളെ വികസന വിരോധികളെന്നു ചാപ്പ കുത്താതിരിക്കാമോ? കുളങ്ങൾ നിർലജ്ജം നികത്തപ്പെടുന്നതോ അനധികൃത ക്വാറി പ്രവർത്തിക്കുന്നതോ ചൂണ്ടിക്കാണിച്ചാൽ ഞങ്ങൾക്ക് ഭീഷണി ഉണ്ടാകില്ലെന്ന് വാക്കു തരാൻ കഴിയുമോ? അഴിമതിക്കു കുപ്രസിദ്ധി നേടിയവരുമായി സാമൂഹ്യവും ശാരീരികവും മാനസികവുമായ അകലം പാലിക്കാൻ ശ്രമിക്കാമോ?
• വോട്ടിംഗ് മെഷീനിൽ NOTA ( None of the Above) എന്ന ഒരു ബട്ടൺ കൂടി ഏതാനും വർഷങ്ങൾക്കു മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയത് സമ്മതിദായകന്റെ ഗതികേടും നിരാശയും രോഷവും സമാധാനപരമായി പ്രകടിപ്പിക്കാനുള്ള ഒരുപായം എന്ന നിലയ്ക്കാണ്. ആ ബട്ടൺ അമർത്തരുതെന്നാണ് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആഗ്രഹം. നോട്ട അമർത്തേണ്ടി വന്നല്ലോ എന്ന അപരാധബോധത്തിൽ ഞങ്ങളെ കൊണ്ടെത്തിക്കരുതേ എന്നാണ് സ്ഥാനാർത്ഥികളോടുള്ള വിനീതമായ അഭ്യർത്ഥന.