അബുദാബി: യു എ ഇയും പാകിസ്ഥാനുമായുളള ബന്ധം കൂടുതൽ ഉലയുന്നു. പാലസ്തീൻ അനുകൂലികളായ ചില പാക് പൗരന്മാരെ യു എ ഇ അധികൃതർ അറസ്റ്റ് ചെയ്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നം കൂടുതൽ വഷളായത്. ഇസ്രയേലുമായി അടുക്കാനുളള യു എ ഇയുടെ തീരുമാനത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നിശിതമായി വിമർശിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
ബന്ധം വഷളായതോടെ പാകിസ്ഥാനികൾക്കെതിരെ യു എ ഇ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പലവിധ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായ അയ്യായിരത്തോളം പാകിസ്ഥാനികൾ യു എ ഇ ജയിലുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനികൾക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് അധികൃതരുടെ നിർദ്ദേശം.
ബന്ധത്തിൽ വിളളലുകൾ വീണതോടെ പാകിസ്ഥാൻ പൗരന്മാർക്കുളള വിസാ നിയന്ത്രണങ്ങളും യു എ ഇ കർശനമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റസിഡന്റ് പെർമിറ്റുകൾ പുതുക്കുന്നതിലും നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. പ്രശ്നങ്ങൾ മയപ്പെടുത്താനെന്നാേണം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.എന്നാൽ അത് വേണ്ടത്ര ഏശുന്നില്ല.
2017ൽ കാണ്ഡഹാറിൽ അഞ്ച് യു എ ഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെക്കുറിച്ചുളള അന്വേഷണത്തിലെ കണ്ടെത്തലുകളും പാകിസ്ഥാനും യു എ ഇയുമായുളള ബന്ധം വഷളാക്കിയതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ പാകിസ്ഥാൻ ചാര സംഘടനയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് പാകിസ്ഥാൻ തുടക്കത്തിൽ പറഞ്ഞിരുന്നത്.
യു എ ഇയ്ക്കൊപ്പം സൗദി അറേബ്യ ഉൾപ്പടെയുളള രാജ്യങ്ങളുമായുളള പാകിസ്ഥാന്റെ ബന്ധത്തിലും വലിയതോതിലുളള പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കരിദിനം ആചരിക്കാനുളള റിയാദിലെ പാക് എംബസിയുടെ ശ്രമങ്ങളെ സൗദി തടഞ്ഞിരുന്നു. ഇതിനൊപ്പം മറ്റ് ഗൾഫ് രാജ്യങ്ങൾക്കും പാകിസ്ഥാനെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.