കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രി കേസിൽ അഞ്ചാം പ്രതിയാണ്. ഇന്ന് രാവിലെയാണ് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്. അൽപസമയം ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷൻസ് കോടതിയിൽ ഹാജരാക്കാനുമായിരുന്നു വിജിലൻസിന്റെ പദ്ധതി.
ഇതോടെയാണ് തങ്ങളുടെ നീക്കം പാളിയെന്ന് വിജിലൻസിന് വ്യക്തമായത്. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായി വൻ പൊലീസ് സന്നാഹത്തോടെയാണ് വിജിലൻസ് സംഘം മുൻമന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാൽ ഇന്നലെ ഉച്ചവരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റായ വിവരം മാത്രം വിജിലൻസ് അറിഞ്ഞിരുന്നില്ല.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. കളമശേരിയിലെ വീട്ടിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയ വിജിലൻസ് സംഘം ജൂനിയർ ഡോക്‌ടർമാരുമായി സംസാരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങൾ വിജിലൻസ് സംഘം ഡോക്‌ടർമാരോട് ചോദിച്ചറിഞ്ഞു.