k-surendran

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി പരസ്യപ്പെടുത്തിയ ധനമന്ത്രി രാജിവയ്‌ക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അവകാശമില്ല. സ്വർണക്കടത്ത് സംഘം കിഫ്‌ബിയുടെ പല ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

തോമസ് ഐസക്ക് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദേശ ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണം. സി പി എമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ തോമസ് ഐസക്ക് ഒരു അമേരിക്കൻ ചാരനാണെന്ന് പറഞ്ഞിട്ടുണ്ട്. തോമസ് ഐസക്കും സ്വപ്‌ന സുരേഷും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്‌ന പലതവണ തോമസ് ഐസക്കിനെ വിളിച്ചതായി വിവരങ്ങൾ വരുന്നുണ്ട്. ഇതൊക്കെ അന്വേഷിക്കേണ്ട വിഷയങ്ങളാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കുറഞ്ഞ പലിശയ്‌ക്ക് എടുക്കേണ്ട വായ്‌പ കൂടുതൽ പലിശയ്‌ക്ക് എടുത്തുവെന്നത് ഒരു കുറ്റമാണ്. തോമസ് ഐസക്കിന് നേരത്തെ വിദേശ രാജ്യങ്ങളുമായി നല്ല ബന്ധമാണ്. ധനവകുപ്പിന്റെ പ്രവാസി ചിട്ടി വലിയ തട്ടിപ്പാണ്. രാജ്യത്തെ എല്ലാ ചിട്ടി നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് ധനവകുപ്പ് ഈ ചിട്ടി നടത്തുന്നത്. ഒരു തരത്തിലുളള നിയമോപദേശങ്ങളും നേടാതെയാണ് പ്രവാസി ചിട്ടി നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.