ശബരിമല: മണ്ഡലകാല തീർത്ഥാടനം രണ്ടു നാൾ പിന്നിടുമ്പോഴും ശബരിമലയിൽ ശരണംവിളിയുടെ ആരവം കേൾക്കാനില്ല. നാമജപങ്ങൾകൊണ്ട് മുഖരിതമാകേണ്ട പൂങ്കാവനത്തിൽ ഉച്ചഭാഷണിയിൽ നിന്നുള്ള ശബ്ദം മാത്രം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം കർശന നിയന്ത്രണത്തിലായതിനാൽ വരുമാനം കുത്തനെ കുറഞ്ഞത് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്ക് ദർശനം നടത്താം. മറ്റു ദിവസങ്ങളിൽ 1000 പേർക്കുവീതമേ ദർശനാനുമതിയുള്ളൂ. കാണിക്കയിലെ കുറവ് കാരണം ഇന്നലെയാണ് എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി തുടങ്ങിയത്. അപ്പം അരവണ കൗണ്ടറുകൾ മിക്കപ്പോഴും വിജനമാണ്.
ശബരിമലയുടെ ചരിത്രത്തിൽ ഇത്തരമൊരു കാഴ്ച ഇതാദ്യം. ജീവനക്കാർക്ക് അടുത്തമാസത്തെ ശമ്പളം കൊടുക്കാൻപോലും വഴിയില്ലാത്ത അവസ്ഥയിലാണ് ദേവസ്വം ബോർഡ്. ആദ്യ ദിവസം ദർശനത്തിന് 1000 പേർക്കു പുറമേ 250 പേരേകൂടി റിസർവായി ഉൾപ്പെടുത്തിയെങ്കിലും വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അനുമതി തേടിയവരിൽ 993 പേരേ എത്തിയുള്ളൂ. ഒരു മിനിട്ടിൽ ശരാശരി 90 പേർ പടികയറിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു മിനിട്ടിൽ രണ്ടു പേരിൽ താഴെയാണ് കയറുന്നത്. ഒരു മണിക്കൂറിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കുറഞ്ഞത് 500 തീർത്ഥാടകരെ കയറ്റുന്നതിനുള്ള എല്ലാ സൗകര്യവും നിലയ്ക്കൽ മുതൽ ശബരിമല വരെയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ പമ്പയിൽ നിന്ന് കടത്തിവിട്ടത് 697 പേരെയാണ്.
ശബരിമലയിൽ കടകൾ ലേലത്തിൽ പിടിച്ചവരിൽ പലരും തുറക്കാൻ തയ്യാറാകുന്നില്ല. ജോലിക്കാർക്ക് കൂലി കൊടുക്കാനുള്ള കച്ചവടം പോലും നടക്കുന്നില്ലെന്നതാണ് കാരണം. തീർത്ഥാടന പാതയിൽ ളാഹ മുതൽ പമ്പ വരെ അഞ്ച് കടകളേ തുറന്നിട്ടുള്ളൂ. സന്നിധാനത്ത് 3 ടീ സ്റ്റാളുകളാണ് ഭാഗികമായി തുറന്നത്. ആരോഗ്യ വകുപ്പിന്റെ കടുംപിടിത്തമാണ് തീർത്ഥാടനത്തെ പ്രതിസന്ധിയിലാക്കിയതെന്ന് ദേവസ്വം ബോർഡ് ആരോപിക്കുന്നു.