amur-falcon

ദേശാടന പക്ഷികൾ എപ്പോഴും ഒരത്ഭുതമാണ്. സീസണുകൾക്കനുസരിച്ച് ഭൂമിയിലെ ഓരോ പ്രദേശത്തും അവ താമസമുറപ്പിക്കും. മിക്ക പക്ഷികളും പ്രജനന കാലമാകുമ്പോഴോ വരൾച്ച കാലത്തെ അതിജീവിക്കാനോ ആകാം ദേശാടനം നടത്തുക. വടക്കൻ ചൈനയിൽ നിന്നും കിഴക്കൻ മംഗോളിയയിൽ നിന്നും പത്ത് ലക്ഷത്തോളം അമൂർ ഫാൽക്കണുകൾ പ്രജനന കാലത്തിന് ശേഷം ഇത്തരത്തിൽ ആഫ്രിക്കയിലേക്ക് പറക്കും. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ പറക്കുന്ന അഞ്ച് അമൂർ ഫാൽക്കണുകൾ ഇന്ത്യയിൽ മണിപ്പൂരിലെത്തി. ഇവയുടെ ദേഹത്ത് സാ‌റ്റലൈ‌റ്റ് ട്രാൻസ്‌മി‌റ്ററുകൾ ഘടിപ്പിച്ചു. ഇവയുടെ ദേശാടന പാത കൃത്യമായി അറിയാനായിരുന്നു അത്. ഇക്കൂട്ടത്തിൽ രണ്ടെണ്ണം ഈ വർഷവും ഒക്‌ടോബർ മാസത്തിൽ മണിപ്പൂരിലെത്തി. ച്യുലാൻ എന്നും ഇരാംഗ് എന്നും പേരിട്ടിരിക്കുന്ന ഇവ 30,000 കിലോമീ‌റ്റർ പറന്നാണ് ഇന്ത്യയിലെത്തിയിരുന്നത്.

രണ്ടാഴ്‌ചയോളം ഇവിടെ താമസിച്ച ശേഷം രണ്ട് ഫാൽക്കണുകളും അറേബ്യൻ കടൽ കടന്ന് ആഫ്രിക്കയിലേക്ക് പോയി. ഇരു ഫാൽക്കണുകളും പറന്ന് സൊമാലിയയിലെത്തി. ഇതിൽ ച്യുലാൻ എന്ന ആൺ ഫാൽക്കൺ 5700 കിലോമീ‌റ്റർ നിർത്താതെ പറന്നാണ് എത്തിയത്. അഞ്ച് ദിവസവും 13 മണിക്കൂറും നിർത്താതെ പറന്നാണ് ഫാൽക്കൺ അവിടെയെത്തിയത്. പോകും വഴി 3000 കിലോമീ‌റ്ററുള‌ള അറേബ്യൻ കടലും ഇവ മറികടന്നു. ഇന്ത്യയിൽ കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഏ‌റ്റവും കുറച്ച് മാത്രം കേട്ടുകേൾവിയുള‌ള പക്ഷിയാണ് അമൂർ ഫാൽക്കണുകൾ. ഇവയുടെ പ്രത്യേകതകളും സഞ്ചാര ദിശകളും അറിയാനും. ഇവയെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനുമാണ് സാ‌റ്റലൈ‌റ്റ് ട്രാൻസ്‌മി‌റ്ററുകൾ ഘടിപ്പിച്ചത്. നവംബർ-ഡിസംബർ മാസങ്ങളിൽ ആഫ്രിക്കയിലെത്തുന്ന അമൂർ ഫാൽക്കണുകൾ മേയ് മാസം വരെ അവിടെ തുടരും.