സുരറൈ പോട്ര് , പുത്തം പുതു കാലെ, മൂക്കുത്തി അമ്മൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഉർവശി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നു
ഇന്ത്യൻ സിനിമയിൽ ഉർവശി സജീവ സാന്നിദ്ധ്യമായിട്ട് മൂന്നരപതിറ്റാണ്ടിലേറെയാവുന്നു. സ്വാഭാവിക അഭിനയ മികവ് കൊണ്ട് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടി. സുധ കൊങ്കരയുടെ സുരറൈ പൊട്രൂവിലെ പേച്ചി, മൂക്കുത്തി അമ്മനിലെ പാൽതങ്കം, പുത്തം പുതു കാലെയിലെ ഇളമൈ ഇതൊ ഇതൊ എന്ന ചിത്രത്തിലെ ലക്ഷ്മി കൃഷ്ണൻ തുടങ്ങിയ ശക്തമായ കഥാപാത്രങ്ങളിലൂടെ ഉർവശി തന്റെ തിരിച്ചുവരവ് ശക്തമാക്കിയിരിക്കുകയാണ് . എൺപതുകളിൽ തുടങ്ങിയ തന്റെ സിനിമ സപര്യയിൽ വ്യത്യസ്തമായ നിരവധിവേഷങ്ങളിൽ നടി വേഷപ്പകർച്ച നടത്തി. സിനിമാ ജീവിതത്തിൽ ഒരുപാട് ഇടവേളകൾ വന്നിട്ടുണ്ടെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ഉർവശി.ഇന്ത്യൻ സിനിമകണ്ട എക്കാലത്തേയും മികച്ച നടിമാരിലൊരാളാണ് താനെന്ന് സുരറൈ പൊട്രൂവിലെ 'പേച്ചി" എന്ന കഥാപാത്രത്തിലൂടെ ഉർവശി ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് . അവിസ്മരണീയമായ പ്രകടനമാണ് ഉർവശി അതിൽ കാഴ്ചവച്ചത്. അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് നെടുമാരൻ ( സൂര്യ ) വരുന്ന സീനിൽ ഉർവശിയുടെ അഭിനയ തികവ് കാണാൻ സാധിക്കും. ആ രംഗത്ത് തന്റെ അമ്മവേഷം അവതരിപ്പിക്കുന്ന ഉർവശിയോട് പിടിച്ചു നിൽക്കാൻ സൂര്യയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു.പുത്തം പുതു കാലൈയിലെ 'ഇളമൈ ഇതോ,ഇതോ"എന്ന ഗൗതം വാസുദേവ് ചിത്രത്തിൽ ജയറാം ഉർവശി കൂട്ടുക്കെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ലക്ഷികൃഷ്ണൻ എന്ന നാൽപ്പത്തിയഞ്ചുകാരിയുടെ പ്രണയം പ്രേക്ഷകർ ഏറ്റെടുത്തു.
80- 90 കാലഘട്ടത്തിലെ മിന്നും താരമാണ് ഉർവശി. കവിതാ രഞ്ജിനിയാണ് പിന്നീട് ഇന്ത്യൻ സിനിമയുടെ ഉർവശിയായി മാറിയത്. തമിഴ് സിനിമയിൽ ഭാഗ്യരാജിന്റെ മുന്താണെ മുടിച്ച് എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച താരം പിന്നീട് മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിലൊട്ടാകെ തിരക്കേറിയ നായികയായി ഉയരുകയായിരുന്നു. മലയാളികൾക്ക് ഉർവശി തുളസിയായും (എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി )സുധയായും (എതിർപ്പുകൾ )ദേവിയായും (സുഖമോദേവി )രാജിയായും (മൂന്നു മാസങ്ങൾക്ക് മുൻപ് ) ഉമയായും (അടിമകൾ ഉടമകൾ )ജ്യോതിയായും (ഇരുപതാം നൂറ്റാണ്ട് )ആനന്ദവല്ലിയായും (മഴവിൽ കാവടി )റോഷ്ണിയായും (ചക്കിക്കൊത്ത ചങ്കരരൻ )അന്നമ്മയായും(ലാൽസലാം ) ഗായത്രിയായും (നാരായം )ഹൃദയ കുമാരിയായും (കടിഞ്ഞൂൽ കല്യാണം )ദേവിയായും (ഭരതം )പാർവതിയായും (ആയിരപ്പറ ) ഷൈലജയായും (ഭാര്യ )തുളസിയായും (സ്ഫടികം )സുലോചനയായും (മിഥുനം )കാഞ്ചനയായും (തലയണമന്ത്രം ) തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന അനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് ഉർവശിയെന്ന അഭിനയ പ്രതിഭയാണ്.ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ താൻ വളരെ ശ്രദ്ധിക്കാറുണ്ടെന്ന് സാക്ഷാൽ കമൽഹാസൻ തന്നെ പറഞ്ഞിട്ടുണ്ട്.അത്ര മികച്ച നടിയാണവർ.ഹാസ്യവേഷങ്ങളും അനായാസേന വഴങ്ങും.
തെന്നിന്ത്യയിലെ മഹാ നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, രജനി കാന്ത്, ജയറാം എന്നിങ്ങനെ എല്ലാ നടന്മാരോടൊപ്പവും ഉർവശി അഭിനയിച്ചു. ട്വീറ്ററിലുംഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും താരത്തെ വാഴ്ത്തിയുള്ള ഹാഷ്ടാഗുകൾ ഉയരുകയാണ്. റിയൽലേഡി സൂപ്പർസ്റ്റാറെന്നും സ്റ്റാർ ഓഫ് ദി സീസണെന്നും തുടങ്ങിയവയാണ് ഹാഷ് ടാഗുകൾ.മുന്താണെ മുടിച്ച്,സത്യൻ അന്തിക്കാടിന്റെ തലയണമന്ത്രം എന്നീ രണ്ടേ രണ്ട് ചിത്രങ്ങൾ മതി ഉർവശി എന്ന നടിയുടെ അപാരമായ അഭിനയം പാടവം തിരിച്ചറിയാൻ.