tiger

ഖംഗാവോൻ: വിവാഹ പ്രായമായവരെ സൂചിപ്പിക്കാൻ പണ്ടുമുതലേ നമ്മുടെ നാട്ടിൽ പറയുന്നൊരു പ്രയോഗമാണ് പുരനിറഞ്ഞ് നിൽക്കുന്നു എന്നത്. നാട്ടിൽ മാത്രമല്ല കാട്ടിലും അത്തരത്തിൽ പുരനിറഞ്ഞ് നിൽക്കുന്നവയുണ്ടെന്ന അറിവാണ് ഒരു കടുവയുടെ വാർത്തയിൽ നിന്ന് ലഭിക്കുന്നത്. മഹാരാഷ്‌ട്രയിലെ ദ്‌ന്യാൻഗംഗ വന്യജീവി സങ്കേതത്തിലെ ഒരു കടുവയാണ് 'വാക്കർ'. പേര് സൂചിപ്പിക്കും പോലെ കാൽനടയായി ദീർഘദൂരം സഞ്ചരിച്ചവൻ തന്നെയാണ് ഈ കടുവ.

ഇണയെ തേടി ഇവിടെ നിന്നും നടന്ന് തുടങ്ങിയ വാക്കർ തെലങ്കാനയിലെ വന്യജീവി സങ്കേതത്തിലെത്തി. അവിടെ ഇണയെ ലഭിക്കാതെ തിരികെ മഹാരാഷ്‌ട്രയിലെ മ‌റ്റൊരു വന്യജീവി സങ്കേതത്തിൽ എത്തിച്ചേർന്നു. മൊത്തം മൂവായിരം കിലോമീ‌റ്ററാണ് ഒരു ഇണയെ തേടി ഈ പാവം കടുവ നടന്നത്. വനപാലകർ വാക്കറുടെ കഴുത്തിൽ ഫി‌റ്റ് ചെയ്‌ത റേഡിയോ കോളറിൽ നിന്നാണ് ഇവന്റെ അതിദീർഘ സഞ്ചാരപാത മനസ്സിലാക്കിയത്. ഇപ്പോഴും ഇണയെ കിട്ടിയിട്ടില്ല പാവം വാക്കറിന്.

മഹാരാഷ്‌ട്രയിലെ ഏഴ് ജില്ലകൾ കടന്ന് വാക്കർ തെലങ്കാനയിലെത്തി. പിന്നെ തിരികെ മഹാരാഷ്‌ട്രയിലെ മ‌റ്റൊരു വന്യജീവി സങ്കേതത്തിലേക്ക്. ഒൻപത് മാസം കൊണ്ട് നടത്തിയ ഈ സഞ്ചാരം മാർച്ച് മാസത്തിൽ അവസാനിച്ചു. ഏപ്രിൽ മാസത്തിൽ റേഡിയോ കോളർ നീക്കി. പുള‌ളിപ്പുലികൾ, നീലകാള,കാട്ടുപന്നി,മയിൽ, പുള‌ളിമാൻ എന്നിവയാൽ സമ്പന്നമാണ് ദ്ന്യാൻഗംഗ വന്യജീവി സങ്കേതം.എന്നാൽ ഇവിടെയുള‌ള ഏക കടുവ വാക്കർ എന്ന മൂന്നര വയസുകാരനായിരുന്നു.

ഇവിടെ വാക്കറിന് അതിർത്തി പ്രശ്‌നങ്ങളോ ഇരയ്‌ക്കോ കുറവില്ലായിരുന്നു.എന്നാൽ ഒരു ഇണ മാത്രം ഉണ്ടായില്ല. വാക്കറിന് വേണ്ടി ഒരു പെൺകടുവയെ ഇവിടേക്ക് എത്തിക്കണോ എന്ന ആലോചനയിലാണ് ഇപ്പോൾ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ. മാസങ്ങൾ നീണ്ട അലച്ചിലിൽ വാക്കർ കൃഷിസ്ഥലങ്ങൾ,നദിക്കരകൾ, തോടുകൾ, ഹൈവേകൾ എന്നിവയിലൂടെയെല്ലാം സഞ്ചരിച്ചു. പരുത്തി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ വിശ്രമിച്ചായിരുന്നു കടുവയുടെ സഞ്ചാരം. കാട്ടുപന്നികളെയും നാട്ടിലെ പശുക്കളെയുമാണ് ആഹാരത്തിനായി കടുവ കൊന്നത്. ഒരിക്കൽ മാത്രം മനുഷ്യനുമായി മുഖാമുഖം എതിരിടേണ്ടി വന്നു. വാക്കറിന്റെ വിശ്രമ സ്ഥലത്ത് തേടിയെത്തിയ ആളെയായിരുന്നു കടുവ ഉപദ്രവിച്ചത്.

ലോകത്ത് ആകെയുള‌ള കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്. 25 ശതമാനം താമസസ്ഥലവും ഇന്ത്യയിലാണ്. മൺസൂൺ കാലത്തിനുമുൻപ് ഇണയെ തേടി കണ്ടെത്തുന്നതാണ് ഇന്ത്യൻ കടുവകളുടെ രീതി. നാടിന്റെ വികസനവുമൊന്നും വാക്കറിന് ഇണയെ തേടുന്നതിന് പ്രതിബന്ധമായില്ലെന്നാണ് വന്യജീവി നിരീക്ഷകർ കണ്ടെത്തിയിരിക്കുന്ന രസകരമായ വസ്‌തുത.