karachi

കറാച്ചി: യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്.മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഗോ എയർ (6658) വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിൽ 179 യാത്രക്കാരുണ്ടായിരുന്നു.ഇന്ധനം നിറച്ച ശേഷമാണ് വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.