കൊച്ചി: കളളപ്പണം വെളുപ്പിക്കൽകേസിൽ രാഷ്ട്രീയ നേതാക്കളുടെ പേരുപറയാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചുവെന്ന എം ശിവശങ്കറിന്റെ ആരോപണത്തെ കോടതിയിൽ ഇഡി പൊളിച്ചടുക്കി. ആരോപണം വ്യക്തമായ ദുരുദ്ദേശ്യത്തോടെയുളള കളളത്തരമാണെന്ന് ഇഡി കോടതിയെ അറിയിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം വസ്തുതാപരമാണങ്കിൽ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ശിവശങ്കർ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരുമായിരുന്നില്ലേ എന്നും വിദശീകരണ റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്.ഒരു നേട്ടവുമില്ലാതെ എന്തിനുവേണ്ടിയാണ് കെഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ സർക്കാർ രഹസ്യങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തികൊടുക്കണമെന്ന മറുചോദ്യവും റിപ്പോർട്ടിൽ ഇഡി ഉന്നയിക്കുന്നുണ്ട്.
ഇ ഡിയുടെ വിശദീകരണം ഇങ്ങനെ:
തന്റെ അഭ്യർത്ഥന അനുസരിച്ച് ശിവശങ്കർ പല തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി സ്വപ്ന മൊഴി നൽകി. ഈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഇഡി വെളിപ്പെടുത്തുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. 2018 ഏപ്രിലിലും 2019 ഏപ്രിലിലും ശിവശങ്കർ സ്വപ്നയുടെ ആവശ്യ പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു, ഇവരെ കണ്ടെത്തി ഇഡി ചോദ്യം ചെയ്തു. ഇനി മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ട്.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ജൂൺ 30 ന് സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്ന ആവശ്യപ്പെട്ടിട്ടും ഇടപെടാതിരുന്നത്. സ്വപ്നയ്ക്ക് ജോലിക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതിനും ലൈഫ് മിഷൻ, കെഫോൺ പദ്ധതികളുടെ രഹസ്യവിവരങ്ങൾ നൽകിയതിനും പരസ്പരം കൈമാറിയ സന്ദേശങ്ങൾ തെളിവാണ്. കൂടുതൽ വിവരങ്ങൾ മുദ്രവച്ച കവറിലുണ്ട്.
ശിവശങ്കറിന്റെ ദുർമുഖം കാണാതിരിക്കാൻ വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ സ്വപ്നയ്ക്കായി ലോക്കർ തുറന്നത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തിൽ സ്വപ്ന തൊട്ടില്ല. ശിവശങ്കറിന് ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നും ഇഡിയുടെ വിശദീകരണത്തിൽ പറയുന്നു.
പിടിച്ചെടുത്ത ഒരുകോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനു നൽകിയ കോഴയാണെന്ന് സ്വപ്ന മൊഴി നൽകിയെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് കോഴപ്പണമാണ് പിടികൂടിയതെന്ന് ഇ.ഡി പറയുന്നത്. ഇക്കാര്യത്തിൽ ഇ.ഡിയുടെ വിരുദ്ധനിലപാടുകൾ കേസിൽ കുറ്റക്കാരനല്ലെന്ന വാദം ഉന്നയിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി മാറരുതെന്ന് കോടതി പറഞ്ഞു. സ്വർണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണെന്ന ഇ.ഡിയുടെ ആദ്യകുറ്റപത്രത്തിലെ നിലപാടിനു വിരുദ്ധമാണിത്.
കണ്ടെത്തലുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ പ്രാഥമികകുറ്റപത്രം അന്തിമമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.