നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി മലയാള ചിത്രമായ നിഴലിന്റെയും തമിഴ് ചിത്രമായ നെട്രികണ്ണിന്റെയും പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. .ഇരു ചിത്രങ്ങളും ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ പേജിലൂടെയാണ് നിഴലിന്റെ പോസ്റ്റർ പുറത്തുവിട്ടത്. നിഴലിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.നേരത്തേ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ പ്രത്യേക പോസ്റ്റർ പുറത്തിറക്കിയിരുന്നു.ലവ് ആക്ഷൻ ഡ്രാമയ്ക്കുശേഷം മലയാളത്തിൽ നയൻതാര അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രസംയോജകനായ അപ്പു ഭട്ടതിരി ആണ് നിഴലിന്റെ സംവിധായകൻ.അതേസമയം
നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്ണിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത് അജ്മൽ അമീരാണ്. നയൻതാരയുടെ 65-ാം സിനിമയാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകനും നടിയുടെ സുഹൃത്തുമായ വിഘ് നേഷ് ശിവൻ നിർമിക്കുന്നു. വിഘ്നേഷ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ നയൻതാര അന്ധയായാണ് അഭിനയിക്കുന്നത് രജനികാന്ത് നായകനായി 1981ൽ പുറത്തിറങ്ങിയ ചിത്രത്തിനും നെട്രികൺ എന്നായിരുന്നു പേര്.