tvm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾക്ക് എപ്പോഴും തലവേദന ഉണ്ടാക്കുന്ന വിഭാഗമാണ് പ്രാദേശിക കൂട്ടായ്‌മകളും ചെറുപാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്നെ വിമത സ്ഥാനാർത്ഥികളും. മൂന്ന് മുന്നണികൾക്കും ഈ മൂന്ന് കൂട്ടരെയും ഭയമാണ്. ഒരു ആശങ്കയും ഇല്ലെന്ന് പറയുമെങ്കിലും ഉള്ളിന്റെയുള്ളിൽ ആശങ്ക മുറ്റി നിൽക്കുന്നുണ്ടാവും.

പ്രാദേശിക കൂട്ടായ്‌മകൾ

മുന്നണി ഭരണത്തിൽ നാട്ടിൽ വികസനം വരില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ കിഴക്കമ്പലത്ത് ട്വന്റി 20 എന്ന പേരിൽ പ്രാദേശിക കൂട്ടായ്മ രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ച കാര്യം എല്ലാവർക്കും അറിയാം. അതിന് സമാനമായി ഇപ്പോൾ തലസ്ഥാനത്തും പ്രാദേശിക കൂട്ടായ്‌മ ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം വികസന മുന്നേറ്റം അഥവാ ടി.വി.എം. സമൂഹത്തിലെ പ്രമുഖരാണ് സംഘടനയുടെ അമരത്ത്. വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള കാര്യങ്ങളും തിരുവനന്തപുരത്തെ വികസനമുരടിപ്പും ആയുധമാക്കിയാണ് ടി.വി.എം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നത്. വിജയം സുനിശ്ചിതമല്ലെങ്കിലും കുറച്ചേറെ വോട്ട് പിടിക്കാൻ ഇവർക്ക് കഴിയും. ഇത് മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാൻ പോന്നതാണ്. ചിലപ്പോൾ ഏതെങ്കിലും സീറ്റുകളിൽ ജയിക്കാനുമിടയുണ്ട്. 12 സീറ്റുകളിലാണ് ടി.വി.എം മത്സരിക്കുന്നത്.

16 വാർഡുകളിൽ ഭൂരിപക്ഷം 100ൽ താഴെ

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷിലെ 100 വാർഡുകളിൽ 16 എണ്ണത്തിലും പല പാർട്ടികളുടെയും ഭൂരിപക്ഷം നൂറിൽ താഴെ വോട്ടുകളായിരുന്നു. ഇവയിൽ മൂന്ന് വാർഡുകളിൽ ഭൂരിപക്ഷം ഒറ്റയക്കത്തിൽ ഒതുങ്ങി. 14 വാർഡുകളിൽ ഭൂരിപക്ഷം 100നും 200നും ഇടയിലായിരുന്നു. ഇതിനൊപ്പമാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ പിടിക്കുന്ന വോട്ടും.

ചെറുപാർട്ടികളും വിമതരും വോട്ട് വിഴുങ്ങും

മുന്നണി സ്ഥാനാർത്ഥികളുടെ വോട്ടുകളിൽ നല്ലൊരു പങ്കും എന്നും കൊണ്ടുപോയിട്ടുള്ളത് ചെറുപാർട്ടികളും വിമത സ്ഥാനാർത്ഥികളുമാണ്. ഒരുപക്ഷേ, ഇവർക്ക് കിട്ടുന്ന നൂറോ ഇരുന്നൂറോ വോട്ടുകളായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡിന്റെ ഭാഗധേയം നിർണയിക്കുക, ഒരു സീറ്റിലും ഇവർ വിജയിച്ചില്ലെങ്കിലും. കഴിഞ്ഞ തവണ പട്ടത്തെ ബി.ജെ.പി സ്ഥാനാർത്ഥി 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാൽ, യു,ഡി.എഫ് വിമത സ്ഥാനാർത്ഥി പിടിച്ചത് 100 വോട്ടും. ഇത്തവണയും വിമതർക്ക് കുറവൊന്നുമില്ല. മുന്നണികളുടെ വിജയം ഉറപ്പായ സീറ്റുകൾ കൈവിട്ടു പോകാൻ വിമതരുടെ രംഗപ്രവേശം ഇടവരുത്തും. കഴിഞ്ഞ തവണ 10 വാർഡുകളിൽ മത്സരിച്ച എസ്.ഡി.പി.ഐ ഇത്തവണ 21 വാർഡുകളിലാണ് മത്സരിക്കുന്നത്. ഇവരുടെ ഇപ്പോഴത്തെ ശ്രദ്ധ തീരദേശ വാർഡുകളിലുമാണ്. തീരദേശത്തോടുള്ള സർക്കാരിന്റെ അവഗണന വോട്ടാക്കാനാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്. പി.ഡി.പിയും വെൽഫെയർ പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി (ബി.എസ്.പി) എന്നിവയുമായി സഖ്യത്തിനും എസ്.ഡി.പി.ഐ ശ്രമിക്കുന്നുണ്ട്. ബീമാപള്ളി ഈസ്റ്റ്, പുത്തൻപള്ളി, അമ്പലത്തറ തുടങ്ങിയവയാണ് എസ്.ഡി.പി.ഐ മത്സരിക്കുന്ന വാർഡുകൾ.