തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എക്സൈസ് കമ്മീഷണറും നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സും വ്യക്തമാക്കി. ജവാൻ റമ്മിന്റെ മൂന്ന് ബാച്ച് മദ്യം വിൽക്കരുതെന്നാണ് കഴിഞ്ഞദിവസം എക്സ്‌സൈസ് നിർദ്ദേശം നൽകിയത്. ആൾക്കഹോളിന്റെ വീര്യം കുറവെന്ന് കണ്ടെത്തിയ ബാച്ചുകളായിരുന്നു ഇത്. ഇതിനൊപ്പം പൊടിയും കണ്ടെത്തി. ജൂലായ് 20ന് നിർമ്മിച്ച 245, 246, 247 ബാച്ച് മദ്യത്തിന്റെ വില്പനയാണ് തടഞ്ഞത്.
കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ മൂന്ന് ബാച്ച് മദ്യത്തിന്റെ സാമ്പിൾ പരിശോധനയിൽ ഈഥൈൽ ആൽക്കഹോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ജവാനിൽ ഈഥൈൽ ആൽക്കഹോളിന്റെ അളവ് 42.86 ആണ് നിശ്ചയിച്ചിട്ടുളളത്. എന്നാൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 39.09, 38.31, 39.14 എന്നിങ്ങനെയായിരുന്നു അളവ്. ഇതിനെത്തുടർന്നാണ് ഈ മൂന്നുബാച്ചുകളും വിൽക്കരുതെന്ന് എക്സ്‌സൈസ് നിർദ്ദേശം നൽകിയത്.
എക്സൈസിന്റെ നിർദേശം വന്ന ഉടൻ സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച വാർത്തകൾ നിറഞ്ഞു. ജവാൻ മദ്യംകഴിഞ്ഞ നിരവധിപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് എക്സ്‌സൈസ് പറയുന്നത്.
വില കുറവായതിനാൽ സംസ്ഥാനത്ത് ഏറ്റവും ഡിമാൻഡുള്ള മദ്യമാണ് ജവാൻ. ആവശ്യക്കാർ കൂടിയതിനാൽ ജവാന്റെ ഉൽപ്പാദനം കൂട്ടണമെന്ന് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.