ഹംപി: സർദാർ സരോവർ അണക്കെട്ടിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്‌ക്കും അയോദ്ധ്യയിലെ നിർദ്ദിഷ്‌ട ശ്രീരാമന്റെ പ്രതിമയ്‌ക്കും മഹാരാഷ്‌ട്രയിൽ വരാൻ പോകുന്ന ശിവജിയുടെ പ്രതിമയ്‌ക്കും ശേഷം മറ്റൊരു ഭീമൻ പ്രതിമ രാജ്യത്ത് ഉയരുകയാണ്. കർണാടകയിലാണ് ഈ പ്രതിമ. ഹനുമാന്റെ പ്രതിമ സ്ഥാപിക്കുക പംപാപൂർ കിഷ്‌കിന്ധിലാണ്. പുരാണത്തിലെ കിഷ്‌കിന്ധയാണിത്. യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുളള ഹംപിയുടെ സമീപമാണ് കിഷ്‌കിന്ധ.
1200 കോടി രൂപയാണ് ശിൽപത്തിനായി ചിലവ് വരിക. 215 മീറ്റർ ഉയരമുണ്ടാകും. ഹനുമദ് ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്‌റ്റാണ് ശിൽപം സ്ഥാപിക്കുക. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിനെ കണ്ട ശേഷമാണ് ഈ തീരുമാനമെന്ന് ഹനുമദ് ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി ഗോവിന്ദ് ആനന്ദ് സരസ്വതി അറിയിച്ചു.
ശിൽപം സ്ഥാപിക്കാനായി ഇന്ത്യയാകെ രഥയാത്ര നടത്തി പണം സമ്പാദിക്കുമെന്ന് സ്വാമി ഗോവിന്ദ് ആനന്ദ് സരസ്വതി പറഞ്ഞു.രാമജന്മഭൂമി ട്രസ്‌റ്റിന് 80 അടി ഉയരമുളള രഥം സമർപ്പിക്കുമെന്ന് സ്വാമി ഗോവിന്ദ് പറഞ്ഞു.കർണാടകയിൽ സ്ഥാപിക്കുവാൻ ഒരുങ്ങുന്ന ആദ്യത്തെ വലിയ പ്രതിമയല്ല ഹനുമാന്റേത്. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരം വരുന്ന പ്രതിമ ബംഗളൂരുവിലെ മുത്യാലയ മഡുവി വെളളച്ചാട്ടത്തിന് സമീപം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
ഈ പ്രതിമകൾ മാത്രമല്ല ലോകത്ത് ഏറ്റവും ഉയരമുളള യേശുക്രിസ്‌തുവിന്റെ പ്രതിമ വൈകാതെ കർണാടകയിൽ ഉയരും. രാമനഗര ജില്ലയിലെ കനകപുരയിലാണ് പ്രതിമ സ്ഥാപിക്കുക. എന്നാൽ ചില പ്രതിഷേധങ്ങളെ തുടർന്ന് പ്രതിമ നിർമ്മാണം പൂർത്തിയായിട്ടില്ല. ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയ്‌ക്ക് 2989 കോടിയായിരുന്നു ചിലവ്. 212 മീറ്റർ ഉയരം വരുന്ന ഛത്രപതി ശിവജി പ്രതിമയും 151 മീറ്റർ ഉയരം വരുന്ന ശ്രീരാമന്റെ പ്രതിമയും (ആകെ ഉയരം 225 മീറ്ററാണ്) ഉയരുന്നതോടെ ഇന്ത്യ ഉയരംകൂടുതലുളള പ്രതിമകളുളള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാകും.