തിരുവനന്തപുരം: ഈ മാസം രണ്ടാമത്തെ ആഴ്ചയിൽ തലസ്ഥാന ജില്ലയിലെ കൊവിഡ് മരണനിരക്കിൽ ഉയർച്ച രേഖപ്പെടുത്തി. 1.2 ശതമാനം മരണനിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോട്ടയം ജില്ലയാണ് പിന്നിലുള്ളത്, 0.73 ശതമാനം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്കിലുള്ള വർദ്ധന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്.
ഒക്ടോബറിൽ ജില്ലയിലെ മരണനിരക്ക് 0.9 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായി താഴ്ന്നിരുന്നു. എന്നാൽ, ഇതേമാസത്തിലെ നാലാമത്തെ ആഴ്ചയിൽ മരണനിരക്ക് ഉയർന്ന് നവംബർ രണ്ടാമത്തെ ആഴ്ചയായതോടെ 1.2 ശതമാനത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ 79 മരണങ്ങളാണ് കൊവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ പ്രതിദിന കേസുകൾ താഴുകയും ചെയ്തു.
ഇതിനുമുമ്പ് ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന കൊവിഡ് മരണനിരക്ക് 0.99 ശതമാനമായിരുന്നു. ആഗസ്റ്റിലായിരുന്നു ഇത്. അപ്പോൾ കൊവിഡ് വ്യാപനം ജില്ലയിൽ അതിരൂക്ഷമായിരുന്ന സ്ഥിതിയിലായിരുന്നതെന്നതും ശ്രദ്ധേയമാണ്. 60 വയസിന് മുകളിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഒക്ടോബർ ആദ്യത്തെയും മൂന്നാമത്തെയും ആഴ്ചയ്ക്കിടെയുള്ള മരണനിരക്ക് 3.88 ശതമാനത്തിനും 1.9 ശതമാനത്തിനും ഇടയിലായിരുന്നു. ആഗസ്റ്റിലും സെപ്തംബറിലും 60 വയസിന് മുകളിലുള്ളവരുടെ മരണനിരക്ക് 4.66 ശതമാനത്തിനും 5.12 ശതമാനത്തിനും ഇടയിലായിരുന്നു. ഇതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ഉയർന്ന മരണനിരക്കും.
മറ്റ് പ്രായത്തിൽ പെട്ടവരുടെ മരണനിരക്ക് കണക്കിലെടുത്താൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ 70 വയസിന് മുകളിലാണ്. ഒക്ടോബറിലെ കണക്ക് അനുസരിച്ച് 70ന് മുകളിലുള്ളവരുടെ മരണനിരക്ക് 4.27 ശതമാനം ആണ്. ഒക്ടോബറിൽ 16,873 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 40-59 പ്രായപരിധിയിലുള്ള 104 പേരാണ് മരിച്ചത്. 10 നും 39നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ രേഖപ്പെടുത്തിയ ഏറ്രവും താഴ്ന്ന മരണനിരക്ക് 0.08 ശതമാനം ആണ്. ഒക്ടോബറിലായിരുന്നു ഇത്.
ആഗസ്റ്റിലെയും സെപ്തംബറിലെയും മരണനിരക്കിന്റെ വർദ്ധന 0.5 ശതമാനത്തിനും 0.6 ശതമാനത്തിനും ഇടയിലായിരുന്നു. ഒക്ടോബറിൽ ഇത് 0.7 ശതമാനത്തിലേക്ക് ഉയർന്നു. അപ്പോഴും രോഗികളുടെ എണ്ണം 23 ശതമാനം താഴ്ന്നിരുന്നു. നിലവിൽ ജില്ലയിലെ മരണനിരക്ക് 500 പിന്നിട്ടുകഴിഞ്ഞു.