നാലുവർഷത്തോളം ദുബായിയിലെ അജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു ഞാൻ. ജോലിക്കായി ദുബായിൽ എത്തിയപ്പോൾ പരിചയപ്പെട്ട മലയാളി സുഹൃത്തുക്കളിൽ നിന്നാണ് മലയാളത്തെ അറിഞ്ഞത്. ഇതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൊച്ചി കണ്ടനാട്ട് വീട്ടിൽ അർജുനുമായി പ്രണയത്തിലായി. ദുബായിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറാണ് അർജുൻ. വീട്ടുകാർ ബന്ധത്തിന് പച്ചക്കൊടി കാട്ടിയതോടെ കഴിഞ്ഞ ഡിസംബറിൽ ഞങ്ങൾ ഒന്നിച്ചു. അന്നുമുതൽ മനസിൽ മലാളികളും കേരളവുമുണ്ട്. പിന്നെ മലയാളം പഠിക്കണമെന്ന വാശിയായിരുന്നു. ഓൺലൈനിലൂടെയാണ് പഠനം തുടങ്ങിയത്. എന്നാൽ ദുബായിയിൽ സ്കൈപ്പ് നിരോധിച്ചതോടെ ആ വഴി അടഞ്ഞു. ശേഷം ഓൺലൈൻ വഴി പാഠ്യവസ്തുക്കൾ അന്വേഷിച്ചു. എന്നാൽ ആവശ്യത്തിനുള്ള പഠനസാമഗ്രികൾ കിട്ടാൻ തന്നെ പ്രയാസമായിരുന്നു. പ്രോത്സാഹനവുമായി ഭർത്താവും വീട്ടുകാരും ഒപ്പം കൂടിയതോടെ പഠനം ആരംഭിച്ചു. പഠിച്ചെടുക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പൊതുവേ പറയാറെങ്കിലും ആ പ്രതിസന്ധിയെ പതുക്കെ മറികടന്നു. മലയാള അക്ഷരങ്ങൾ മനഃപാഠമാക്കാൻ ചിത്രങ്ങൾ വരച്ചു കുറിപ്പ് തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. ചിത്രങ്ങളെ അക്ഷരങ്ങളാക്കി പഠിച്ച രീതി മറ്റാർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവ ഷെയർ ചെയ്തത്. ഈ പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിച്ചു. വാക്കുകളും ഉച്ചാരണങ്ങളും പഠിക്കാൻ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഈ പോസ്റ്റുകൾക്ക് സാധിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പാഠങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ മലയാള ഭാഷയിൽ സഹായം ആവശ്യമുള്ള ഒരുപാട് പേരുണ്ടെന്ന് മനസിലായി. മലയാളികളെ വിവാഹം കഴിച്ച വിദേശികൾ, വിദേശത്തേക്ക് പോയതിനെ തുടർന്ന് മലയാളം മറന്ന് പോയവർ, മലയാളം അറിയാത്ത കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ ഇൻസ്റ്റഗ്രാമിൽ എന്നെ പിന്തുടരുന്നുണ്ട്. ഏലിക്കുട്ടി (@eli.kutty ) ഗൂഗിളിൽ ഇൻസ്റ്റഗ്രാം വഴി മലയാള പഠനം എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ എത്തുന്നത് എന്റെ പേജിലേക്കാണ്. പല നിറങ്ങളിൽ വരച്ച് തയ്യാറാക്കിയ മലയാളം കുറിപ്പുകളാണ് ഈ പേജ് നിറയെ. ഉച്ചാരണം കൃത്യമാക്കാൻ തൊണ്ടയുടെയും ചുണ്ടിന്റെയും ചിത്രങ്ങൾ അക്ഷരങ്ങൾക്കൊപ്പം നൽകുന്നു. ഇതിനാൽ വളരെ എളുപ്പത്തിൽ മലയാളം പഠിക്കാൻ കഴിയുന്നു. ഒരു വർഷത്തിലേറെയായി മലയാളം പഠിപ്പിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ വീട്ടിലും മലയാളം തന്നെയാണ് സംസാരിക്കാറുള്ളത്.