ഇസ്ളാമാബാദ്: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ വഴിയുളള തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും കളളവോട്ട് നടത്തുന്നുവെന്നും ആരോപിച്ച് നമ്മുടെ രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പിലും വോട്ടിംഗ് സമയത്തും ഫലം വരുമ്പോഴും പ്രതിപക്ഷ പാർട്ടികൾ എതിർപ്പറയിക്കാറുണ്ട്. ബീഹാർ തിരഞ്ഞെടുപ്പിലും ആ പതിവ് തെറ്റിയില്ല. എന്നാൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വരെ ആ ആരോപണം തളളിയതാണ്.
അതേസമയം അയൽരാജ്യമായ പാകിസ്ഥാനിൽ ഇതുവരെ ബാലറ്റ് വഴിയുളള തിരഞ്ഞെടുപ്പായിരുന്നു. ഇവിടെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായം വഴി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിദേശത്തുളള പാകിസ്ഥാനികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുളള സംവിധാനം ഒരുക്കാനാണ് ഇമ്രാൻ ഖാൻ തീരുമാനിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ സെനറ്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് നിലവിൽ ബാലറ്റ് വഴിയാണ്. ഇതിനെതിരെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ഇതിലൂടെ വോട്ട് വിൽപന തടയാനാകുമെന്നാണ് ഇമ്രാൻ കരുതുന്നത്. അതേസമയം ഇലക്ഷൻ നടന്ന കാശ്‌മീരിനോട് ചേർന്നുളള ഗിൽജിത് ബാൾട്ടിസ്ഥാനിൽ ഇമ്രാന്റെ പാർട്ടിയായ പിടിഐ വിജയിച്ചത് കൃത്രിമം കാട്ടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ വൻ പ്രതിഷേധം. ബിലാവൽ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി, നവാസ് ഷെരീഫ് നയിക്കുന്ന പി.എം.എൽ.എൻ എന്നിവയുടെ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പോസ്‌റ്റൽ വോട്ടുകൾ കൃത്യമായി എണ്ണിയാൽ ഇമ്രാന്റെ പാർട്ടി തോൽക്കുമെന്ന് ഇവർ ആരോപിച്ചു. ഇവിടെ സ്ഥലം പാകിസ്ഥാൻ ബലമായി പിടിച്ചെടുത്തു എന്നാരോപിച്ചുളള പ്രതിഷേധം നടക്കുന്നതിനിടെയാണ് സർക്കാർ തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ സൈനിക നിയന്ത്രണത്തിലുളള സ്ഥലത്ത് തൽസ്ഥിതി തുടരാത്തതിന് ഇന്ത്യയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.