obama

വാഷിംഗ്ടൺ:പാകിസ്ഥാനെതിരെ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ. തന്റെ പുതിയ പുസ്തകമായ 'എ പ്രോമിസ് ലാൻഡിലാണ്' ഒബാമ പാകിസ്ഥാനെ വിമർശിച്ചത്. 'മതമൗലികവാദത്തിന്റെയും ഭീകരതയുടെയും പിടിയിൽപ്പെട്ട് ദശലക്ഷക്കണക്കിന് യുവാക്കൾ മുരടിക്കുന്ന നാടാണ് പാകിസ്ഥാൻ. ഇവിടത്തെ ചെറുപ്പക്കാരുടെ ജീവിതം നിരാശയും അജ്ഞതയും മത മൗലികവാദവും അക്രമവും കൊണ്ട് നിറഞ്ഞതാണ്. ഈ ചെറുപ്പക്കാർ അപകടകാരികളാണ്.നല്ല വിദ്യാഭ്യാസം കൊടുത്തും, ഉപജീവനത്തിനുളള മാർഗങ്ങൾ നൽകിയും അവരെ രക്ഷിക്കാനാകും. അങ്ങനെ അവരെ ലോകത്തിന്റെ ഭാഗമാക്കാം. എന്നാൽ ഭരണാധികാരികൾ ഇത് മനസിലാക്കുകയോ അതിനനുസരിച്ച് പ്രവർത്തികുകയോ ചെയ്യുന്നില്ല'- ഒബാമ പറയുന്നു. പ്രസിഡന്റ് പദത്തിലിരുന്ന സമയത്തെ അനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. പുസ്തകത്തിൽ അദ്ദേഹം ഇന്ത്യയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

തന്റെ ഭരണകൂടം ഒരിക്കലും പാകിസ്ഥാനെ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സൈന്യത്തിനുളളിലെ ചില ഘടകങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും അൽക്വ ഇദയുമായും താലിബാനുമായും ബന്ധം പുലർത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

രാജ്യത്തിനുളളിൽ തീവ്രവാദികൾക്ക് സുരക്ഷിത താളവമൊരുക്കുന്നതിനെയും തീവ്രവാദികളെ ചെല്ലും ചെലവുംകൊടുത്ത് മറ്റുരാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കുന്നതിനെയും പുസ്തകത്തിൽ ഒബാമ വിമർശിക്കുന്നുണ്ട്. ഒസാമ ബിൻലാദനെ ഇല്ലാതാക്കാൻ പ്രവർത്തിച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന ഒബാമ, ലാദന്റെ അന്ത്യവിശ്രമസ്ഥലം തീർത്ഥാനടകേന്ദമാക്കാതിരിക്കാനാണ് മൃതദേഹം കടലിൽ അടക്കം ചെയ്തതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.