ladakh

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈന 'മൈക്രോവേവ്' ആയുധം ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യം. ഇരുവിഭാഗം സൈനികരും നേര്‍ക്കുനേര്‍ എത്തിയ സാഹചര്യത്തിലാണ് ചൈന മൈക്രോവേവ് ഉപയോഗിച്ചതെന്ന് ബ്രിട്ടീഷ് ദിനപത്രം ദി ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. അമേരിക്കന്‍ ദിനപത്രം വാഷിംഗ്ടണ്‍ എക്‌സാമിനര്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദി ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റ് എന്നിവരും ഇതേ റിപ്പോര്‍ട്ടുകള്‍ പുനപ്രസിദ്ധീകരിച്ചിരുന്നു. ബെയ്ജിംഗിലെ റെന്‍മിന്‍ സര്‍വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പിലെ പ്രൊഫസര്‍ ജിന്‍ കാണ്‍റോങ്ങിനെ ഉദ്ധരിച്ചായിരുന്നു മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.


ആരോപണങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഒരിടത്തും ഇത്തരം മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള രണ്ട് തന്ത്രപ്രധാന സ്ഥലങ്ങള്‍ നിന്ന് സൈനികരെ ഒഴിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മൈക്രോവേവ് ഓവന് സമാനമായ സാഹചര്യം ചൈന ഉണ്ടാക്കിയെന്നാണ് വാദം.

നേര്‍ക്കുനേര്‍ എത്തുന്ന സാഹചര്യത്തില്‍ ആയുധം ഉപയോഗിക്കാന്‍ പാടില്ലെന്ന കരാറില്‍ ഇന്ത്യയും - ചൈനയും ഒപ്പിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രോമാഗ്‌നറ്റിക് തരംഗമായ മൈക്രോവേവ് ഉപയോഗിച്ചെന്നാണ് അദ്ധ്യാപകന്‍ അവകാശപ്പെടുത്തിയത്. ഇന്ത്യ, ചൈന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരുന്നില്ല. മൈക്രോവേവ് കാരണം ഇന്ത്യന്‍ സൈന്യം കിഴക്കന്‍ ലഡാക്കില്‍ നിന്ന് പിന്മാറിയെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോഴും ഇവിടെ നിന്ന് ഇന്ത്യയോട് പിന്മാറാന്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും സൈന്യം ചോദിച്ചു.

മൈക്രോവേവ് ഉപയോഗിച്ചുകൊണ്ടുള്ള ആയുധം വികസിപ്പിക്കാന്‍ ചൈന ശ്രമം നടത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളെ പ്രത്യേക രീതിയില്‍ കേന്ദ്രീകരിച്ച് എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കുകയാണ് ചെയ്യുക. കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാകുന്നതോടെ എതിര്‍ഭാഗത്തുള്ളവര്‍ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാന്‍ പ്രേരിതരാകും.

Media articles on employment of microwave weapons in Eastern Ladakh are baseless. The news is FAKE. pic.twitter.com/Lf5AGuiCW0

— ADG PI - INDIAN ARMY (@adgpi) November 17, 2020