operation-neptune-spear

വാഷിംഗ്ടൺ : പാക് സൈന്യത്തിലെ, പ്രത്യേകിച്ച് പാക് ഇന്റലിജൻസ് സർവീസിനുള്ളിൽ താലിബാനും അൽ ഖ്വയിദയുമായി രഹസ്യ ബന്ധം പുലർത്തുന്നവർ ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്നും പാകിസ്ഥാനിലെ അബോട്ടാബാദിൽ അൽ ഖ്വയിദ തലവൻ ഒസാമ ബിൻ ലാദന്റെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണമായ ' ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയറി'ൽ പാകിസ്ഥാനെ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം ഇതാണെന്നും യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ.

' ദ പ്രോമിസ്ഡ് ലാൻഡ് ' എന്ന തന്റെ ഓർമക്കുറിപ്പിലൂടെയാണ് ഒബാമയുടെ വെളിപ്പെടുത്തൽ. യു.എസ് സേനയുടെ അതീവ രഹസ്യ മിലിട്ടറി ഓപ്പറേഷനായിരുന്ന നെപ്റ്റ്യൂൺ സ്പിയറിനെ അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന റോബർട്ട് ഗേറ്റ്സും വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും എതിർത്തിരുന്നുവെന്നും ഒബാമ വെളിപ്പെടുത്തി. ഇന്ന് യു.എസിന്റെ നിയുക്ത പ്രസിഡന്റ് ആണ് ജോ ബൈഡൻ.

2011 മേയ് 2നാണ് ബിൻ ലാദനെ യു.എസ് കമാൻഡോകൾ വധിച്ചത്. അബോട്ടാബാധിലെ പാക് മിലിട്ടറി കന്റോൺമെന്റിനടുത്തുള്ള സുരക്ഷിത താവളത്തിലായിരുന്നു ബിൻ ലാദൻ കഴിഞ്ഞിരുന്നത്. ബിൻ ലാദനെ പറ്റിയുള്ള വിവരം ലഭിച്ചതിന് പിന്നാലെ അയാളെ വകവരുത്താൻ നടത്തിയ പദ്ധതികളെ പറ്റിയും ഒബാമ തന്റെ പുസ്തകത്തിൽ പറയുന്നു.

ലാദൻ എവിടെയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിയ്ക്ക് കൂടുതൽ ഉറപ്പു വരുത്തുന്നത് വരെ ആക്രമണം മാറ്റി വയ്ക്കണമെന്നായിരുന്നു ജോ ബൈഡന്റെ നിലപാടെന്ന് ഒബാമ പറയുന്നു. എന്നാൽ ഒട്ടും സമയം പാഴാക്കാതെ ഒബാമ ഭരണകൂടം ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയറുമായി മുന്നോട്ട് പോവുകയായിരുന്നു.

 എല്ലാം അതീവ രഹസ്യം

' ഞാൻ അറിഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി, ബിൻ ലാദനെ വകവരുത്താനുള്ള ആക്രമണത്തിനുള്ള പദ്ധതി വികസിപ്പിക്കുന്നതിനായി മതിയായ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞാൻ തീരുമാനിച്ചു. സി ഐ എ കൂടുതൽ വിവരങ്ങൾ ശേഖരിക്കുമ്പോഴും എങ്ങനെയായിരിക്കും റെയ്‌ഡ് നടത്തുക എന്നതിനെ പറ്റി പര്യവേഷണം നടത്താനാണ് ഞാൻ ടോം ഡോണിലോണിനോടും ജോൺ ബ്രണ്ണനോടും പറഞ്ഞത്. ' ഒബാമ തന്റെ ഓർമകുറിപ്പിൽ പറയുന്നു.

വിവരങ്ങൾ അതീവ രഹസ്യമാക്കി വക്കേണ്ടത് ഓപ്പറേഷൻ കൂടുതൽ ദുഷ്കരമാക്കിയെന്നും ബിൻ ലാദനെ പിടികൂടാൻ പോകുന്ന വിവരം ചെറുതായിട്ട് പോലും പുറത്തേക്ക് ചോർന്നാൽ മിഷൻ പരാജയപ്പെട്ടേനെയെന്നും ഒബാമ പറയുന്നു. മിഷന്റെ രഹസ്യ സ്വഭാവം മുൻനിറുത്തി സർക്കാരിലെ ചുരുക്കം ചില പേർക്ക് മാത്രമാണ് മിഷനെ പറ്റി അറിയാമായിരുന്നുള്ളു എന്നും ബിൻ ലാദനെ പിടികൂടാൻ ഏതു മാർഗം തിരഞ്ഞെടുത്താലും പാകിസ്ഥാനെ അതിൽ ഉൾപ്പെടുത്തില്ലെന്ന് തീരുമാനിച്ചിരുന്നെന്നും ഒബാമ വെളിപ്പെടുത്തി.

 എല്ലാവർക്കും അറിയാവുന്ന രഹസ്യം

' പാകിസ്ഥാന്റെ മിലിട്ടറിയ്ക്കും അവരുടെ ഇന്റലിജൻസ് സർവീസിനുമുള്ളിൽ താലിബാനുമായി ബന്ധമുള്ളവർ ഉണ്ടായിരുന്നു. ഇത് പരസ്യമായ ' രഹസ്യം ' ആണ്. ഒരു പക്ഷേ, അൽ ഖ്വയിദയുമായും അവർക്ക് ബന്ധമുണ്ടായിരുന്നിരിക്കണം. ചിലപ്പോൾ അവരെ ഇന്ത്യയ്ക്കെതിരെയും ഉപയോഗിച്ചിരുന്നു.

അവസാനഘട്ടത്തിൽ രണ്ട് മാഗങ്ങളായിരുന്നു മുന്നിൽ. ഒന്ന്, വ്യോമാക്രമണത്തിലൂടെ ഒളിത്താവളം തകർക്കുക. രണ്ടാമത്തേത് ഒരു സ്പെഷ്യൽ മിഷന് അംഗീകാരം നൽകുക എന്നതായിരുന്നു. അത് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംഘം രഹസ്യമായി ഹെലികോപ്ടർ വഴി പാകിസ്ഥാനിലേക്ക് പറക്കുകയും അവിടെയത്തി മിന്നലാക്രമണം നടത്തുകയും പാകിസ്ഥാൻ പൊലീസോ സൈന്യമോ പ്രതികരിക്കുന്നതിന് മുമ്പ് അവിടെ നിന്ന് പുറത്തുകടക്കുകയും വേണം ' ഒബാമ പറയുന്നു.

പല തവണത്തെ ചർച്ചകൾക്കും ആസൂത്രണത്തിനും ശേഷം നിരവധി അപകട സാദ്ധ്യതകൾ മുന്നിലുണ്ടായിരുന്നിട്ടും ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘവും രണ്ടാമത്തെ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ബിൻ ലാധനെ വധിച്ച ശേഷം അന്നത്തെ പാക് പ്രസിഡന്റ് ആയിരുന്ന ആസിഫ് അലി സർദാരിയെ താൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം യു.എസിനെ അഭിനന്ദിച്ചതായും ഒബാമ പറയുന്നു. ' വളരെ നല്ല വാർത്ത ' എന്നായിരുന്നു സർദാരി പറഞ്ഞതെന്ന് ഒബാമ വെളിപ്പെടുത്തി.