തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഡിസംബർ പകുതി ആകുമ്പോഴേക്കും 6.60 ലക്ഷമാകുമെന്ന് പഠനങ്ങൾ. ഇപ്പോൾ 5.33 ലക്ഷം കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഒക്ടോബർ വരെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനയാണ് രേഖപ്പെടുത്തിയതെങ്കിലും ഈ മാസം രോഗവ്യാപനം കുറഞ്ഞു വരുന്ന നിലയാണ് പ്രകടമാകുന്നത്. അതേസമയം പരിശോധനകളിലുണ്ടായ കുറവും കൊവിഡ് രോഗികളുടെ എണ്ണം കുറയാൻ ഇടയാക്കിയ ഘടകമാണെന്ന വസ്തുത വിസ്‌മരിക്കാനുമാകില്ല.
പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ (പി.എച്ച്.എഫ്.ഐ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ പ്രോക്‌സിമ എന്നിവ സംയുക്തമായി തയ്യാറാക്കിയ പ്രോജക്ട് ജീവൻരക്ഷാ റിപ്പോർട്ടിലാണ് അടുത്ത മാസത്തെ കൊവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ഓരോ മാസത്തിലും ഉണ്ടാകുന്ന രോഗികളുടെ കണക്ക് 90 ശതമാനവും കൃത്യമായി പ്രവചിക്കാറുണ്ട് ഇവരുടെ ഈ സർവേ. എന്നാൽ, നവംബറിൽ ആറ് ലക്ഷം രോഗികളാകുമെന്നാണ് ഇവർ പ്രവചിച്ചിരുന്നത്. എന്നാൽ, 5.33 ലക്ഷം മാത്രമാണ് നിലവിലെ രോഗികൾ. ആഗസ്റ്റിൽ 90,000 രോഗികൾ ആകുമെന്നും സെപ്തബംർ 12ന് കൊവിഡ് മരണങ്ങൾ 400 ആകുമെന്നും പ്രോജക്ട് ജീവൻ രക്ഷാ പ്രോജക്ട് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ആ സമയത്ത് യഥാർത്ഥത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 1,02,255 ഉം മരണങ്ങൾ 411 ഉം ആയിരുന്നു. ഒക്ടോബർ 12ന് രോഗബാധിതർ രണ്ട് ലക്ഷമാകുമെന്നാണ് ഇവർ പ്രവചിച്ചിരുന്നത്. എന്നാൽ, 2.95 ലക്ഷമായിരുന്നു അന്ന് രോഗികളുടെ എണ്ണം.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വെറും മൂന്ന് കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് മുതൽ മേയ് വരെ 3496 കേസുകളും റിപ്പോർട്ട് ചെയ്തു. മേയ് മുതൽ ജൂലായ് വരെയുള്ള നാല് മാസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം 27,457ൽ എത്തി. പിന്നീട് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടായത്.
ആഗസ്റ്റിൽ കൊവിഡ് അതിന്റെ വ്യാപനത്തിന്റെ മൂർദ്ധന്യത്തിലേക്ക് പോവുകയും സെപ്തംബർ 12 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുകയും ചെയ്തു. ഇപ്പോൾ ഒരു മാസം കൊണ്ട് ഒരു ലക്ഷം കേസുകളുടെ വർദ്ധനയാണ് കേരളം മുന്നിൽ കാണുന്നത്.
സ്വയം പരിശോധനാ സന്നദ്ധത കൂടി
സംസ്ഥാനത്ത് കൊവിഡ് രോഗ പരിശോധനയ്ക്ക് ജനങ്ങൾ സ്വമേധയാ തയ്യാറായി മുന്നോട്ട് വരുന്ന രീതിയാണ് ഇപ്പോഴുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പരിശോധനാ കിയോസ്കുകൾ സ്ഥാപിച്ചതും പരിശോധനകളുടെ എണ്ണം കൂടാൻ ഇടയാക്കിയിട്ടുണ്ട്. മുൻകരുതലെന്ന നിലയ്ക്കാണ് ആളുകൾ കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മരണനിരക്ക് ഉയരും
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അടുത്തമാസം 12 ആകുമ്പോഴേക്കും 2600 ആകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നവംബർ 12ന് കൊവിഡ് മരണങ്ങൾ 2000 ആകുമെന്നാണ് ജീവൻരക്ഷാ പ്രവചിച്ചിരുന്നതെങ്കിലും 1797 മരണങ്ങളേ ഉണ്ടായുള്ളൂ. 90 ശതമാനവും കൃത്യത പുലർത്താനായെന്ന് സാരം. എന്നാൽ, കൊവിഡ് ബാധിച്ച് മരിച്ചവരിൽ 35 ശതമാനം മരണങ്ങൾ ഇതുവരെ സർക്കാർ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല. നിലവിൽ 1915 മരണങ്ങളാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിലുള്ളത്.