മുംബയ്: 'വാക്കർ" എന്ന് പേരിട്ടപ്പോൾ ഓർത്തില്ല, കാടു മുഴുവൻ ഇവൻ നടന്നു തീർക്കുമെന്ന്. ഒന്നും നൂറുമല്ല, 3000 കി.മീ ദൂരമാണവൻ നടന്നു തീർത്തത്. മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിലെ കാടുകളിലൂടെ അവൻ അലഞ്ഞു. എത്തിച്ചേർന്നത് തെലങ്കാനയിലും. ആരാണ് ഈ കക്ഷിയെന്നല്ലേ. 'വാക്കർ' എന്ന കടുവയാണ് താരം. മഹാരാഷ്‌ട്രയിലെ ദ്‌ന്യാൻഗംഗ വന്യജീവി സങ്കേതത്തിലാണ് താമസം. 'മൂന്നര വയസ് പിന്നിട്ടിട്ടും ഇണയെ കിട്ടാതെ വന്നതോടെയാണ് കക്ഷി യാത്ര തുടങ്ങിയത്.
ഇണയെ തേടി ദ്‌ന്യാൻഗംഗ വന്യജീവി സങ്കേതത്തിൽ നിന്ന് നടന്ന് തുടങ്ങിയ വാക്കർ മഹാരാഷ്‌ട്രയിലെ ഏഴ് ജില്ലകൾ കടന്ന് തെലങ്കാനയിലെ വന്യജീവി സങ്കേതത്തിലെത്തി. അവിടെയും ഇണയെ കണ്ടെത്താനായില്ല. തിരികെ മഹാരാഷ്‌ട്രയിലെ മറ്റൊരു വന്യജീവി സങ്കേതത്തിൽ എത്തിച്ചേർന്നു. മൊത്തം മൂവായിരം കിലോമീറ്ററാണ് ഒരു ഇണയെ തേടി ഈ പാവം കടുവ നടന്നത്. വനപാലകർ വാക്കറുടെ കഴുത്തിൽ ഫിറ്റ് ചെയ്‌ത റേഡിയോ കോളറിൽ നിന്നാണ് ഇവന്റെ അതിദീർഘ സഞ്ചാരപാത മനസിലാക്കിയത്.
കൃഷിസ്ഥലങ്ങൾ,നദിക്കരകൾ, തോടുകൾ, ഹൈവേകൾ എന്നിവിടങ്ങളിലൂടെയായിരുന്നു വാക്കറുടെ സഞ്ചാരം.
പരുത്തിക്കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ വിശ്രമിച്ചായിരുന്നു കടുവയുടെ സഞ്ചാരം. കാട്ടുപന്നികളെയും നാട്ടിലെ പശുക്കളെയുമാണ് ആഹാരത്തിനായി കടുവ കൊന്നത്. ഒരിക്കൽ മാത്രം മനുഷ്യനുമായി മുഖാമുഖം എതിരിടേണ്ടി വന്നു. വാക്കറിന്റെ വിശ്രമ സ്ഥലത്തെത്തിയ ആളെയായിരുന്നു കടുവ ഉപദ്രവിച്ചത്.
ഒമ്പത് മാസം കൊണ്ട് നടത്തിയ ഈ സഞ്ചാരം മാർച്ചിൽ അവസാനിച്ചു. ഏപ്രിലിൽ റേഡിയോ കോളർ നീക്കി. ഇപ്പോഴും ഇണയെ കിട്ടിയിട്ടില്ല പാവം വാക്കറിന്.
പുളളിപ്പുലികൾ, നീലകാള, കാട്ടുപന്നി, മയിൽ, പുളളിമാൻ എന്നിവയാൽ സമ്പന്നമാണ് ദ്ന്യാൻഗംഗ വന്യജീവി സങ്കേതം. എന്നാൽ ഇവിടെയുളള ഏക കടുവ വാക്കർ മാത്രമാണ്. ഇവിടെ വാക്കറിന് അതിർത്തി പ്രശ്‌നങ്ങളോ ഇരയ്‌ക്കോ കുറവില്ലായിരുന്നു. എന്നാൽ ഇണ മാത്രമില്ല.
വാക്കറിന് വേണ്ടി ഒരു പെൺകടുവയെ ഇവിടേക്ക് എത്തിക്കണോ എന്ന ആലോചനയിലാണ് വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ.