murder

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനെയും ഭാര്യയെയും ഒരുകൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. ഒരു ഹിന്ദി പത്രത്തിൽ ജോലി നോക്കുന്ന മാദ്ധ്യമപ്രവർത്തകൻ ഉദയ് പാസ്വാനും ഭാര്യ ശീത്‌ലയുമാണ് മരണമടഞ്ഞത്. ഉദയ്‌യുടെ ഗ്രാമത്തിലെ മുൻ ഗ്രാമത്തലവനുമായി ദീർഘകാലമായി നിലനിന്നിരുന്ന ശത്രുതയാണ് ക്രൂരമായ സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഉദയ് പാസ്വാൻ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ഭാര്യ ശീത്‌ല ഗുരുതരമായ പരുക്കോടെ വാരണാസിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു.ഇവരെ ആക്രമിച്ചത് ആകെ ആറുപേരാണ് എന്നാണ് പൊലീസ് റിപ്പോർട്ട്. കമ്പും വടിയുമുപയോഗിച്ചാണ് ആക്രമിച്ചത്. ഇതിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ മുൻ ഗ്രാമത്തലവൻ കേവൽ പാസ്വാൻ ഒളിവിലാണ്.

തന്റെ കുടുംബത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉദയ് സ്ഥലത്തെ കോൺ പൊലീസ് സ്‌റ്റേഷനിൽ മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുത്തില്ല. സംഭവത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതായി സോൻഭദ്ര പൊലീസ് സൂപ്രണ്ട് ആശിശ് ശ്രീവാസ്‌തവ അറിയിച്ചു. സ്‌റ്റേഷൻ ഇൻസ്‌പെക്‌ടറെയും സബ് ഇൻസ്‌പെക്‌ടറെയും ഒരു കോൺസ്‌റ്റബിളിനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.

സംഭവത്തെ തുടർന്ന് ഉദയ് പാസ്വാന്റെ മകൻ വിനയ് പാസ്വാൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തത്. ഇവ‌ർക്കെതിരെ മുഖ്യമന്ത്രിയുടെ ജനതാ ദർബാറിൽ പരാതി നൽകിയെന്ന് വിനയ് പറഞ്ഞു.

രാജ്യത്ത് ഈ മാസം മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെടുന്ന രണ്ടാമത് സംഭവമാണിത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഭൂമാഫിയയും രാഷ്‌ട്രീയ പാർട്ടികളും തമ്മിലെ ബന്ധം തുറന്ന് കാട്ടിയ ഇസ്രവേൽ മോസസ് എന്ന 26കാരനായ മാദ്ധ്യമപ്രവർത്തകൻ നവംബർ 8ന് കൊല്ലപ്പെട്ടിരുന്നു.