ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇപ്പോൾ താപനില - 20 ഡിഗ്രി സെൽഷ്യസ് ആണ്. മേയ് മുതൽ ഇന്ത്യൻ സേനയും ചൈനീസ് പട്ടാളവും ഇവിടെ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇനി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മലനിരകളിലെ നമ്മുടെ സൈനികരെ സംബന്ധിച്ചിടത്തോളം ഏറെ ദുഃഷ്കരമായ ഘട്ടമാണ്. അതി ശൈത്യത്തിന്റെ വരവാണിനി. സമുദ്രനിരപ്പിൽ നിന്നും 10,500 അടി ഉയരത്തിലാണ് ലേ. ഇപ്പോൾ സേനാംഗങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് 18,000 അടി ഉയരത്തിലുള്ള മലനിരകളിലാണ്. മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന മേഖലയാണിവിടം.
പക്ഷേ, നമ്മുടെ സൈനികരെ ശൈത്യത്തിൽ നിന്നും എത്രത്തോളം സുരക്ഷിതരാക്കാമോ അത്രത്തോളം സജ്ജീകരണങ്ങൾ കരസേന ഒരുക്കിക്കഴിഞ്ഞു. ഹീറ്റഡ് ടെന്റുകൾ, വൈദ്യുതി, ചൂടു വെള്ളം, തണുപ്പിനെ ചെറുക്കാനുള്ള അത്യാധുനിക വസ്ത്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ശുദ്ധജലം, ചൂടിനുള്ള സംവിധാനം, ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ, ഓക്സിജൻ ഉപകരണങ്ങൾ എന്നിവയും സൈനികർക്കുള്ള ഷെൽട്ടറുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
1984 - 85 മുതൽ സിയാച്ചിൻ മേഖലയിലുള്ള ഇന്ത്യൻ സൈനികർക്ക് അതിശൈത്യം എത്രത്തോളം കഠിനമാണെന്ന് അറിയാം. ശൈത്യത്തെ നേരിടാൻ ചൈനീസ് പട്ടാളവും സർവസജ്ജമാണ്. കാംഗ്സിവാർ, റുഡോക്, സൈഡുല്ല, ഷിക്വാൻഹെ എന്നിവിടങ്ങളിൽ ചൈനീസ് സൈന്യം ശൈത്യത്തെ പ്രതിരോധിക്കുന്ന പ്രീഫാബ്രികേറ്റഡ് ഷെഡുകൾ തയാറാക്കിയിട്ടുണ്ട്.