കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ടോമും ജെറിയും. മിനി സ്‌ക്രീനില്‍ കാര്‍ട്ടൂണ്‍ ആയി പ്രചാരം നേടിയ ടോം ആന്‍ഡ് ജെറി ഇനി വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. ലൈവ് ആക്ഷന്‍-ആനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം 2021ലാണ് പുറത്തിറങ്ങുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലാണ് ടോം-ജെറി യുദ്ധത്തിന് ഇത്തവണ പശ്ചാത്തലമാകുന്നത്. അവിടെ ദി വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഹോട്ടലില്‍ എലിശല്യം രൂക്ഷമാകുന്നു. ജെറിയും കൂട്ടാളികളും അടക്കി ഭരിക്കുന്ന സാമ്രാജ്യത്തിലേക്ക് അവയെ തുരത്താന്‍ ഇവന്റ് പ്ലാനറായ കയ്‌ല ടോമിനെ കൊണ്ടുവരുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ. ക്ലോയി ഗ്രേസ്, മൈക്കല്‍ പെന, ഫോബ് ഡെലനി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇതാദ്യമായല്ല ടോമും ജെറിയും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്.1992ല്‍ പുറത്തെത്തിയ 'ടോം ആന്‍ഡ് ജെറി: ദി മൂവി'യാണ് അത്തരത്തിലെ അവസാനചിത്രം. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടോം ആന്‍ഡ് ജെറി ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. 2021 മാര്‍ച്ച് 5 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി.