khushbu-car-accident

ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി. കാഞ്ചീപുരം ജില്ലയിലെ മേൽമറവത്തൂരിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കൂടല്ലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഖുശ്ബു.

'ഒരു ട്രക്ക് ഞങ്ങളുടെ കാറിൽ ഇടിച്ചു കയറുകയായിരുന്നു. കാർ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. വേൽയാത്രയിൽ പങ്കെടുക്കാനുള്ള യാത്ര തുടരും. വേൽ മുരുകൻ രക്ഷിച്ചു. മുരുകനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിത്. പൊലീസ് അന്വേഷണം തുടരുന്നു.' - ഖുശ്ബു ട്വീറ്റ് ചെയ്തു. തകർന്ന വാഹനത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം സംഭവം ആസൂത്രിതമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്.