sudeep-tyagi

ലഖ്‌നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ സുദീപ് ത്യാഗി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി നാല് ഏകദിനങ്ങളും ഒരു ട്വന്റിയും കളിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ത്യാഗി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

വലംകയ്യൻ ഫാസ്റ്റ് ബൗളറായ ത്യാഗി 2009 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ആദ്യമായി ഇന്ത്യൻ കുപ്പായമണിയുന്നത്. 2010 ഫെബ്രുവരിയിലായിരുന്നു അവസാന മത്സരം. നാല് ഏകദിനങ്ങളിൽ നിന്നായി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ആകെ കളിച്ച ഒരു അന്താരാഷ്ട്ര ട്വന്റി 20യിൽ വിക്കറ്റ് നേടാൻ സാധിച്ചിട്ടില്ല.

41 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 109 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 23 ട്വന്റി 20 മത്സരങ്ങളിൽ 16 വിക്കറ്റുകളും നേടി. 2013-ലാണ് അവസാനമായി ആഭ്യന്തരമത്സരത്തിൽ കളിച്ചത്. ഇന്ത്യ എ, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.