chapare-virus

ന്യൂയോർക്ക്: ലോകത്തിന് ഭീഷണിയായിരുന്ന എബോള വൈറസ് രോഗത്തിന് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സി.ഡി.സി) ഇക്കാര്യം അറിയിച്ചത്.

ചപാരെ വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന അപൂർവ ഗുരുതര രോഗം 'ചപാരെ ഹെമറേജിക് ഫീവർ' ആദ്യമായി തിരിച്ചറിഞ്ഞത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലാണ് (2004ൽ). തലസ്ഥാനമായ ലാപാസിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചപാരെയിലാണ് ചെറിയതോതിലുള്ള വൈറസ് വ്യാപനം കണ്ടെത്തിയത്. എബോളയും ആദ്യം കണ്ടെത്തിയത് ബൊളിവീയയിലെ ഗ്രാമപ്രദേശങ്ങളിലാണ്.

ചപാരെ വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇവ മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. രോഗത്തിന് പ്രത്യേകിച്ച് മരുന്നില്ല.

2019ൽ ലാ പാസിൽ രണ്ട് രോഗികളിൽ നിന്ന് മൂന്ന് ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവർത്തകരും മരിച്ചതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.