ഭുവനേശ്വർ: 'കിറ്റ്" (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്‌ട്രിയിൽ ടെക്നോളജി) കല്പിത സർവകലാശാലയുടെ 16-ാം ബിരുദദാന ചടങ്ങ് 21ന് നടക്കും. ഡിഗ്രി, പി.ജി, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ പ്രോഗ്രാമുകളിലായി, 55 വിദേശ രാഷ്ട്രങ്ങളിൽ നിന്നുൾപ്പെടെ 30,000 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. അച്യുത സാമന്ത 1992ൽ സ്ഥാപിച്ച 'കിറ്റ്" അഞ്ചു വർഷത്തിനകം രാജ്യത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ ഹബായി. 2004 ൽ കല്പിത സർവകലാശാലയായി. പിന്നീട് കേന്ദ്ര സർക്കാരിന്റെ 'ശ്രേഷ്ഠപദവി"യും ലഭിച്ചു.
രാജ്യത്തെ സ്വാശ്രയ സ്ഥാപനങ്ങളുടെ നിരയിൽ ഈ വർഷം ' അരിയ"യുടെ (അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്മെന്റ്സ്) ഒന്നാം റാങ്ക് ലഭിച്ചതിന്റെ തിളക്കവും കല്പിത സർവകലാശാലയ്‌ക്കുണ്ടെന്ന് പ്രൊഫ. അച്യുത സാമന്ത പറഞ്ഞു.
ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇവിടത്തെ കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി മുൻനിരയിലാണ്. എൻജിനിയറിംഗ് - ടെക്നോളജി പഠന ശാഖകളുടെ റാങ്കും ഏറെ മുൻനിരയിലാണ്.
എല്ലാ വർഷവും നൂറു ശതമാനമാണ് തൊഴിൽ പ്ലേസ്‌മെന്റ്. വിവിധ പഠന ശാഖകളിലായി ഇപ്പോൾ നൂറോളം ഗവേഷണ - കൺസൾട്ടൻസി പ്രോജക്ടുകൾ ചെയ്തുവരുന്നുണ്ട്. കല്പിത സർവകലാശാലയോടനുബന്ധിച്ചുള്ള 'കിസ്" (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്) സർവകലാശാലയും ആഗോളതലത്തിൽ ഖ്യാതി നേടി. ലോകത്ത് ഗോത്രവർഗക്കാർക്കായുള്ള ആദ്യത്തെ സർവകലാശാലയാണിത്.