twitter

ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് സമൂഹമാദ്ധ്യമ ഭീമൻ ട്വി‌റ്റർ. ഈ മാസം അവസാനത്തോടെ തെ‌റ്റ് തിരുത്താമെന്ന് രേഖാമൂലം ട്വി‌റ്റർ അറിയിച്ചു. മീനാക്ഷി ലേഖി എം.പി അദ്ധ്യക്ഷയായ പാർലമെന്ററി സമിതിയ്‌ക്കാണ് ട്വി‌റ്റർ ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കരിയേൻ എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ നൽകിയത്.

ഒക്‌ടോബർ മാസത്തിൽ ദേശീയ സുരക്ഷാ അനലിസ്‌റ്റായ നിതിൻ ഗോഖലെ തന്റെ ട്വി‌റ്റർ അക്കൗണ്ടിലൂടെ ലെയിലെ വീഡിയോ പ്രദർശിപ്പിച്ചപ്പോഴാണ് ജമ്മു ആന്റ് കശ്‌മീർ, ചൈന എന്ന് ട്വി‌റ്റർ ലൊക്കേഷൻ പ്രദർശിപ്പിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉണ്ടായത്. തുടർന്ന് പാർലമെന്റിലെ ഡാ‌റ്റ സംരക്ഷണ ബിൽ തയ്യാറാക്കുന്ന സംയുക്ത സമിതി ഇതിനെതിരെ രംഗത്ത് വന്നു. ട്വി‌റ്ററിൽ നിന്ന് കാരണമാരായുകയും ചെയ്‌തു.

മാപ്പപേക്ഷിച്ച ട്വി‌റ്റർ അധികൃതരോട് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്‌തത് ക്രിമിനൽ കുറ്റമാണെന്ന് സമിതി അറിയിച്ചു. 'നവംബർ 30ന് മുൻപ് തെ‌റ്റ് തിരുത്താമെന്ന് ട്വി‌റ്റർ അറിയിച്ചിട്ടുണ്ട്.' ലേഖി പറഞ്ഞു. ട്വി‌റ്ററിനെതിരെ ഒക്‌ടോബർ 22ന് കേന്ദ്ര വിവര സാങ്കേതിക വിദ്യ-ഇലക്‌ട്രോണിക്‌സ് വിഭാഗം സെക്രട്ടറി അജയ് സാവ്‌ഹ്നി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. എന്നാൽ സാങ്കേതിക പിഴവാണെന്നായിരുന്നു ട്വി‌റ്ററിന്റെ പ്രതികരണം. സമിതിയ്‌ക്ക് മുന്നിലെത്തിയ ട്വി‌റ്റർ പ്രതിനിധികളോട് അവരുടെ രാജ്യത്തെ നയങ്ങളിലെ സുതാര്യതയെ കുറിച്ചും ചോദ്യമുയർന്നിരുന്നു. ഇലക്ഷൻ സമയത്തെ അവരുടെ പ്രവർത്തനങ്ങളെ പ‌റ്റിയും പാർലമെന്ററി സമിതി ചോദിച്ചറിഞ്ഞു.