-mma-fighter

ബ്യൂണേഴ്സ് ഐറിസ് : അദ്ധ്വാനിച്ച് വാങ്ങിയ സ്മാർട്ട്ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിട്ട് ഇടിച്ച് പപ്പടമാക്കി പെൺകുട്ടി.! അർജന്റീനയിലാണ് സംഭവം. 4 അടി 11 ഇഞ്ച് മാത്രം ഉയരമുള്ള ബ്രിസ എന്ന 20 കാരിയാണ് റോഡിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആരുടെയും സഹായമില്ലാതെ മോഷ്‌ടാവിനെ ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്തത്. പ്രധാനപ്പെട്ട കാര്യം ബ്രിസ ഒരു മിക്സ്ഡ് മാർഷൽ ആർട്സ് ( എം എം എ) ഫൈറ്റർ കൂടിയായിരുന്നു എന്നതാണ്. പിന്നെ പറയണ്ടല്ലോ, മോഷ്‌ടാവിന്റെ ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം.!

ബ്രിസ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തന്റെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഈ സാഹസത്തിന് മുതിർന്നത്. കഴിഞ്ഞ ആഴ്ച മാർ ഡെൽ പ്ലാറ്റ നഗരത്തിൽ വച്ചായിരുന്നു സംഭവം. ഫോൺ മോഷ്ടിച്ച് കടന്ന യുവാവിനെ പിറകെ ഓടി പിടിച്ച ബ്രിസ ദേഷ്യം നിയന്ത്രിക്കാനാകാതെ അയാളുടെ മുഖവും തലയും ഇടിച്ച് പരുവമാക്കുകയായിരുന്നു. ബ്രിസയുടെ ' എം എം എ' സ്റ്റൈലിലുള്ള ഉഗ്രൻ ഇടി കിട്ടിയ യുവാവിന്റെ തല പൊട്ടി മുഖത്താകെ ചൊര ഒഴുകി.

യുവാവിനെ കൈയ്യോടെ പിടികൂടിയ ഉടൻ ഹെഡ്‌ലോക്ക് ( കൈകൊണ്ട് ഒരാളുടെ തലയ്ക്ക് പിടിച്ചുനിറുത്തുന്ന ഗുസ്തി മുറ ) ആണ് ബ്രിസ ആദ്യം പ്രയോഗിച്ചത്. യുവാവിന്റെ തലപൊട്ടി ചോര ഒലിച്ചിട്ടും ബ്രിസ പിടിവിടാൻ തയാറായില്ല. യുവാവിന്റെ ചെവിയ്ക്ക് നേരെ ബ്രിസ അലറി വിളിക്കുന്നുമുണ്ടായിരുന്നു.

പൊലീസെത്തി പ്രതിയെ പിടികൂടുന്നത് വരെ ബ്രിസ അയാൾക്ക് കണക്കിന് കൊടുത്തു. മാസങ്ങളോളം കഠിനമായി അദ്ധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ടാണ് താൻ പുതിയ ഒരു സ്മാർട്ട് ഫോൺ വാങ്ങിയതെന്ന് ബ്രിസ പറയുന്നു. കൊവിഡ് കാലത്തും പകുതി ശമ്പളത്തിൽ താൻ ദിവസം മുഴുവൻ ജോലി ചെയ്യുന്നുണ്ടെന്നും തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി വെറും സെക്കന്റുകൾ കൊണ്ട് തന്റെ ഫോൺ കൈക്കലാക്കി ഒരാൾ നേടുന്നത് കണ്ടുനിൽക്കാൻ തനിക്ക് കഴിയില്ലെന്നും ബ്രിസ പറയുന്നു.

ഇനി ഏതായാലും അയാൾ മോഷണത്തിന് മുതിരുമെന്ന് കരുതുന്നില്ലെന്നും തന്റെ മിക്സ്ഡ് മാർഷൽ ആർട്സ് മുറകൾ കൊണ്ട് തനിക്ക് ആരെയും ചെറുത്തു നിൽക്കാൻ സാധിക്കുമെന്നും ബ്രിസ കൂട്ടിച്ചേർത്തു.