ഒരാൾ ഉത്തമ പുരുഷനൊന്നും ആകണ്ട. സ്ത്രീകളെയും കുട്ടികളെയും പ്രകൃതിയെയും ഉപദ്രവിക്കാത്ത ആളായാൽ മതി. പുരുഷ ശരീരമുള്ള വ്യക്തികളെ കൊണ്ട് ഒരിക്കലും ഒരു പ്രശ്നവുമില്ല. പക്ഷേ അതിനുള്ളിലെ പുരുഷത്വമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സ്ത്രീകളും കുട്ടികളും ഭരിക്കപ്പെടാനുള്ളതാണെന്ന ചിന്ത വരുന്നത് ആ പുരുഷത്വ മൂല്യങ്ങളിലൂടെയാണ്. പ്രകൃതിയെ ചവിട്ടിമെതിക്കുന്നതും അത്തരമൊരു ആണത്ത അഹന്തയാണ്. അത് അവർ ഉപേക്ഷിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. നിലവിൽ ഇത്തരം പുരുഷാധിപത്യ ചിന്തകളിൽ മാറ്റം വരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടോ. ഇല്ലെന്നാണ് എന്റെ അഭിപ്രായം. പൊലീസ് വകുപ്പ് തന്നെ പുറത്തുവിടുന്ന കണക്കുകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.ഭാര്യയെ പരസ്യമായി സഹായിക്കുന്നവരെ, സൗഹൃദങ്ങളിൽ മാനദണ്ഡങ്ങളില്ലാത്തവരെ, സ്ത്രീകൾക്ക് തുല്യത നൽകുന്നവരെയൊക്കെ പെണ്ണന്മാർ എന്ന് വിളിക്കുന്നത് ആരാണ്? സ്ത്രീകളല്ല പുരുഷന്മാർ തന്നെയാണ് . അവരുടെ ഉള്ളിലുള്ള പുരുഷാധികാര വ്യവസ്ഥ തന്നെയാണത്.
പുതിയ തലമുറയിൽ മികച്ച രീതിയിൽ സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരുണ്ട്. അവർ ആ തലത്തിലേക്ക് ഉയർന്നുവരുന്നതിന് വലിയ വിലനൽകേണ്ടിയും വരുന്നു. അത് ആണായാലും പെണ്ണായാലും തുല്യം തന്നെയാണ്. വീട്ടുകാർക്ക് വിവരവും വിദ്യാഭ്യാസവുമുള്ളതു കൊണ്ടാണ് അത്തരം സൗഹൃദങ്ങൾ സമൂഹത്തിൽ ഉയർന്നുവരുന്നത്. നല്ല വിദ്യാഭ്യാസം നേടിയവരോട് നിങ്ങൾ നൂറ്റാണ്ടുകൾ പിറക്കോട്ട് പോകണമെന്ന് പറഞ്ഞാൽ അവർ അനുസരിക്കില്ല.
നിലവിലെ പുരുഷത്വ മൂല്യങ്ങളെ വിമർശനപരമായി കാണാനുള്ള ദിവസം കൂടിയാകണം ഇത്. നിലവിലുള്ള പുരുഷത്വ ആദർശം മാറ്റി നിറുത്തുന്ന ഗേ, ട്രാൻസ്, ദളിത് പുരുഷന്മാരുടെ ഒഴിവാക്കലിന്റെ രാഷ്ട്രീയ സ്വഭാവം കൂടി ചർച്ച ചെയ്യാനുള്ള ദിവസമാകട്ടെ ഈ അന്താരാഷ്ട്ര പുരുഷ ദിനം.